vazha

നീലേശ്വരം:ഇലതീനിപ്പുഴുവിന്റെ ആക്രമണം മൂലം കടുത്ത പ്രതിസന്ധിയിലായി വാഴ കർഷകർ. കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് വാഴകളാണ് ഇലതീനിപ്പുഴുവിന്റെ വിഭാഗത്തിൽ പെട്ട കമ്പിളിപ്പുഴുവിന്റെ ആക്രമണം മൂലം നശിച്ചിരിക്കുന്നത്. തളിരുകൾക്കിടയിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് കൂടുകെട്ടിക്കഴിയുന്ന പുഴുക്കൾ നീരൂറ്റിക്കുടിക്കുന്നതോടെ വാഴ പൂർണമായി ഉണങ്ങുകയാണ്

അതിവേഗത്തിലാണ് വാഴത്തോട്ടങ്ങളെ ഇവ ഇല്ലാതാക്കുന്നത്. വാഴത്തോടങ്ങളിൽ നിന്ന് പുഴുക്കൾ പിന്നീട് പറമ്പുകളിലും വീട്ടകങ്ങളിലേക്കും എത്തി ശല്യക്കാരാകുന്നുമുണ്ട്. ശരീരത്തിൽ തൊട്ടാൽ ചൊറിഞ്ഞ് വീർക്കുകന്നതിനാൽ കടുത്ത ആരോഗ്യപ്രശ്നത്തിനും ഇവ ഇടവരുത്തുന്നു.

ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന നേന്ത്രവാഴകളോടാണ് ഇവയ്ക്ക് പ്രിയം. എന്നാലും കദളി, മണ്ണൻ,​മൈസൂർ ഇനം വാഴകളെയും ഇവ ഇല്ലാതാക്കുന്നുണ്ട്. വെണ്ണീർ വിതറിയും പുകയിലയും സോപ്പുവെള്ളവും കലർത്തിയുള്ള മിശ്രിതം തളിച്ചും ഇവയുടെ ശല്യം ഇല്ലാതാക്കാമെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നതെങ്കിലും ശാശ്വത പരിഹാരമാകുന്നില്ലെന്നാണ് കർഷകരുടെ പരിദേവനം.

ഓണവിപണിയെ ബാധിക്കുമെന്ന് ആശങ്ക

മുൻനിർത്തി കഴിഞ്ഞ ഫെബ്രുവരി,​ മാർച്ച് മാസങ്ങളിൽ കൃഷി ചെയ്ത വാഴകളെ പുഴി ബാധിച്ചത് ഓണ വിപണിയിലും പ്രതിഫലിക്കുമെന്നാണ് കർഷകരുടെ ആശങ്ക.

വാഴയുടെ ശത്രുക്കൾ

വാഴ കൃഷിയെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഇലതീനി പുഴുക്കൾ. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഇലചുരുട്ടിപ്പുഴു എന്നിങ്ങനെ ആറോളം ഇലതീനിപ്പുഴുക്കൾ വാഴയെ ആക്രമിക്കുന്നുണ്ട്. മിക്ക പുഴുക്കളും ഇളം പ്രായത്തിലുള്ള വാഴകളെയാണ് കൂടുതലായി ആക്രമിക്കുന്നത്. എന്നാൽ ഇലചുരുട്ടിപ്പുഴുക്കൾ ഏത് പ്രായത്തിലുള്ള സസ്യങ്ങളെയും ആക്രമിക്കും. ആക്രമണം നേരിട്ട വാഴയിലയിൽ വട്ടത്തിലുള്ള സുഷിരങ്ങൾ കാണാം. പുതുനാമ്പുകളിൽ തുളകളും ഉണ്ടാകും. തുടക്കത്തിൽ തന്നെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ കൃഷിനാശമായിരിക്കും ഫലം.

ലോകത്ത് ഇലതീനി പുഴുക്കൾ മൂലമുണ്ടാകുന്ന കൃഷിനാശം 30%