കണ്ണൂർ: ജില്ലയിൽ തദ്ദേശിയ മലേറിയ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിദഗ്ധസംഘം ജില്ല സന്ദർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്നുള്ള സ്റ്റേറ്റ് എന്റമോളജിസ്റ്റ് എം.എസ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ല സന്ദർശിച്ചത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി സച്ചിൻ സംഘവുമായി മലേറിയ റിപ്പോർട്ട് ചെയ്ത കോർപറേഷനിലെ പ്രദേശങ്ങൾ സന്ദർശിച്ചു. തുടർന്ന് കോർപറേഷൻ അധികൃതരുമായും ചർച്ച നടത്തി. ഡെപ്യൂട്ടി മേയർ ഇന്ദിരയുടെ നേതൃത്വത്തിൽ പ്രത്യേകയോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. മലേറിയ കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളിൽ വിദഗ്ധ സംഘം തൃപ്തി രേഖപെടുത്തി. മലേറിയ കണ്ടെത്തിയ പ്രദേശങ്ങളിൽ കൊതുക് സാന്ദ്രത കൂടുതലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകാരണം പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതെന്ന് ഡി.എം.ഒ അറിയിച്ചു.