തലശ്ശേരി: പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിൽ ഭാര്യ മഞ്ജുമായയെ അടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവ്
കടലൂർ സ്വദേശി മണികണ്ഠൻ എന്ന സുബ്രഹ്മണ്യനെ (34) ജീവപര്യന്തം തടവിനും 60,000 രൂപ പിഴയടക്കാനും തലശേരി
ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.
കണ്ണപുരം ചെറുകുന്നിലെ കെ.വി.ആർ. ഓഡിറ്റോറിയത്തിനടുത്ത് വാടക കെട്ടിടത്തിൽ താമസിച്ചുവന്ന തമിഴ്നാട് കടലൂർ സ്വദേശിനി മഞ്ജുമായ എന്ന മഞ്ജു (28) വിനെ ഭർത്താവായ സുബ്രഹ്മണ്യൻ അടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2017 മാർച്ച് 16ന് അർദ്ധരാത്രിയോടെയാണ് സംഭവം. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഇ. ജയറാംദാസ് ആണ് ഹാജരായത്.
സ്‌നേഹിച്ച് വിവാഹിതരായതാണ് ഇരുവരും. ഈ ബന്ധത്തിൽ നാല് മക്കളുണ്ട്. റോഡ് ടാറിംഗ് പണിക്കെത്തിയതായിരുന്നു പ്രതി. വർഷങ്ങളായി അമ്പലത്തിൽ മുനീറിന്റെ വാടക കെട്ടിടത്തിൽ താമസിച്ചു വരികയായിരുന്നു ഇരുവരും. കൊല്ലപ്പെട്ട
മഞ്ജുമായയുടെ സഹോദരൻ സ്വാമി നാഥന്റെ പരാതി പ്രകാരമാണ് പൊലീസ് കേസ്. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയാണ് പ്രതിയെ കോടതി ശിക്ഷിച്ചത്. കൊലപാതകുറ്റത്തിന് പുറമേ തെളിവുകൾ നശിപ്പിച്ചതിനും പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിട്ടുണ്ട്.
ജസ്റ്റിസ് ടി.ആർ. രവി ജില്ലാ
കോടതി സന്ദർശിച്ചു
തലശ്ശേരി: ജില്ലാ കോടതിയുടെ ചാർജ്ജ് ജഡ്ജ് ജസ്റ്റിസ് ടി.ആർ രവി തലശ്ശേരി ജില്ലാ കോടതി സന്ദർശിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനവും ഒരുക്കേണ്ട സൗകര്യങ്ങളും ബാർ അസോസിയേഷൻ ഭാരവാഹികൾ ജഡ്ജിയുമായി സംവദിച്ചു.
തലശ്ശേരി കോടതിയുടെ വികസനത്തിനാവശ്യമായ നിവേദനം ബാർ അസോസിയേഷൻ ഭാരവാഹികൾ അദ്ദേഹത്തിന് കൈമാറി.
ജില്ലാ ജഡ്ജ് കെ.ടി നിസാർ അഹമ്മദ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കരുണാകരൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.എ സജീവൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജി.പി ഗോപാലകൃഷ്ണൻ, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. നിഷാന്ത്, ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. സുജിത് മോഹൻ, ബാർ അസോസിയേഷൻ ട്രഷർ അഡ്വ. ഷിമ്മി, ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ. എസ്. രാഹുൽ എന്നിവരും മുതിർന്ന അഭിഭാഷകരും പങ്കെടുത്തു.