prathi-

കാസർകോട്: അമിതലാഭം വാഗ്ദാനം ചെയ്ത് എൽ.ഐ.സി ഉദ്യോഗസ്ഥന്റെ 12.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ

മുഖ്യപ്രതി ചെന്നൈ വിമാന താവളത്തിൽ നിന്നും കാസർകോട് പൊലീസിന്റെ പിടിയിലായി. ഓൺലൈൻ ട്രേഡിംഗ് നടത്തി വൻലാഭം വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘത്തിൽ പെട്ട മലപ്പുറം കെടുർ ഉർദു നഗറിലെ വി. ഹിബത്തുള്ളയെയാണ് (24) ടൗൺ ഇൻസ്പെക്ടർ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെ കാസർകോട് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

ഗൾഫിലേക്ക് കടക്കാനായി ചെന്നൈ വിമാന താവളത്തിൽ എത്തിയപ്പോഴായിരുന്നു പൊലീസ് ഈയാളെ പിടികൂടിയത്. ഓൺലൈൻ തട്ടിപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ഈയാൾ മുങ്ങാനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.ഈ സംഭവത്തിൽ മലപ്പുറം സ്വദേശി മുഹമ്മദ് നിശാം (23 ), കോഴിക്കോട് സ്വദേശി കെ.നിഖിൽ (34) എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്.ഇരുവരും ഇപ്പോൾ റിമാൻഡിലാണ്.

എൽ.ഐ.സി കാസർകോട് സീനിയർ ബ്രാഞ്ച് മാനേജർ ഉദിനൂരിലെ എ.വി.വേണുഗോപാലിന്റെ പണമാണ് ട്രേഡിംഗ് തട്ടിപ്പിലൂടെ സംഘം കൈക്കലാക്കിയത്.തട്ടിപ്പ് സംഘത്തിൽ കുറെ പേർ ഇനിയും പിടിയിലാകാനുണ്ടന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.കാസർകോട് ജില്ലയിൽ അടുത്ത കാലത്തായി ഓൺലൈൻ തട്ടിപ്പിനിരയായവരുടെ എണ്ണം വലിയ തോതിലാണ് വർദ്ധിച്ച് വരുന്നത്. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കപ്പൽ ജീവനക്കാരന്റെ രണ്ടുകോടിയാണ് തട്ടിയത്. ചെന്നൈയിലെത്തിയ സംഘത്തിൽ എസ്.ഐമാരായ റുമേഷ്, ചന്ദ്രശേഖരനും സംഘവുമുണ്ടായിരുന്നു.

തട്ടിപ്പ് ഇങ്ങനെ

കഴിഞ്ഞ ഏപ്രിൽ 15നും മേയ് ഒമ്പതിനും ഇടയിലുള്ള ദിവസങ്ങളിൽ ഓൺലൈൻ വഴി ഉത്തരേന്ത്യക്കാരായ പ്രൊഫസർ സഞ്ജയ്, റിയ എന്നിവർ വാട്‌സ്ആപ് വഴി ലിങ്ക് അയച്ച് എ.വി.വേണുഗോപാലിനെ ഗ്രൂപ്പിൽ അംഗമാക്കി. പിന്നീട് ട്രേഡിംഗ് ആപ് ഡൗൺ ലോഡ് ചെയ്ത് പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. നിബത്തുള്ള, മുഹമ്മദ് നിശാമും നിഖിലുമാണ് ഈ പണം സ്വീകരിച്ചത്.