muhammad-thameem-

ചിറ്റാരിക്കാൽ: യുവാവിൽ നിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ 22 ലക്ഷം തട്ടിയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്‌തു. കോഴിക്കോട് കൊളത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ്‌ തമീമിനെയാണ്(22) കാഞ്ഞങ്ങാട് ഡിവൈ.എസ്‌. പി ബാബു പെരിങ്ങേത്തിന്റെ നിർദേശപ്രകാരം ചിറ്റാരിക്കാൽ ഇൻസ്‌പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചിറ്റാരിക്കാൽ പാലാവയലിലെ ചക്കാലക്കൽ ഹൗസിൽ ജോജോ ജോസഫിനെയാണ് കബളിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തത്. 2023 നവംബർ ആറ് മുതൽ 2024 ജനുവരി 30 വരെയുള്ള തീയതികളിലായാണ് ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് ഫ്‌ളൈറ്റ് നെറ്റ് വർക്ക് എന്ന സൈറ്റിന്റെ പേരിൽ പ്രതികൾ പല തവണകളിലായി 22 ലക്ഷം രൂപ തട്ടിയെടുത്തത്.

നൽകിയ പണമോ ജോലിയോ കിട്ടാതായതോടെയാണ് ജോജോ ചിറ്റാരിക്കാൽ പൊലീസിൽ പരാതി നൽകിയത്. വമിക, സൗര്യ എന്നീ പേരുകളിലുള്ള രണ്ട് പേരെ കൂടി ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ശരിയായ പേരുകളാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റിലായ തമീമിന്റെ അക്കൗണ്ടിലേക്കാണ് പണം അയച്ചത്. ഈയാളാണ് ഇത് പിൻവലിച്ച് തട്ടിപ്പ് സംഘത്തിന് നൽകിയത്. എസ്.ഐ അനിൽകുമാർ, എ.എസ്.ഐ മോൻസി പി.വർഗീസ്, എസ്.സി പി ഒ സജീഷ്, ദിലീപ്, ജോസ്, രാജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.