കണ്ണൂർ: സമസ്ത മേഖലയിലുമുള്ള പ്രകടനത്തിന് രാജ്യത്തെ റൂഡ്സെറ്റുകളിൽ കണ്ണൂർ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന് മൂന്നാം സ്ഥാനം ലഭിച്ചു. കർണ്ണാടകയിലെ ധർമ്മസ്ഥലയിലെ വാർഷിക സമ്മേളനത്തിൽ ശ്രീ ധർമ്മസ്ഥല മഞ്ജുനാഥേശ്വര എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ. എസ്. സതീഷ് ചന്ദ്രയിൽ നിന്ന് കണ്ണൂർ ഡയറക്ടർ സി.വി. ജയചന്ദ്രൻ അവാർഡ് ഏറ്റുവാങ്ങി. ഇതാദ്യമായാണ് കണ്ണൂരിന് ദേശീയ ബഹുമതി ലഭിക്കുന്നത്.
ഭൂവനേശ്വർ റൂഡ്സെറ്റ് ഒന്നാം സ്ഥാനവും ഹാജിപ്പൂർ റൂഡ്സെറ്റ് രണ്ടാം സ്ഥാനവും നേടി. നേരത്തേ റൂഡ്സെറ്റുകളുടെ പ്രസിഡന്റും രാജ്യസഭാംഗവുമായ ഡോ. വീരേന്ദ്ര ഹെഗ്ഗ്ഡെ ഡയറക്ടർമാരുടെയും പരിശീലകരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു. റൂഡ്സെറ്റ് സ്ഥാപകൻ കൂടിയായ അദ്ദേഹം ആദ്യകാല അനുഭവങ്ങൾ പങ്കുവച്ചു.
റൂഡ്സെറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ബി.പി. വിജയകുമാർ, കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഭാവേന്ദ്ര കുമാർ, ചീഫ് ജനറൽ മാനേജർ കെ.ജെ. ശ്രീകാന്ത്, മംഗലാപുരം സർക്കിൾ മേധാവി സുധാകർ കോത്താരി, എൻ.എ.ആർ നാഷനൽ ഡയറക്ടർ ജി. മുരുകേശൻ, ഡയറക്ടർ ജനറൽ രാജു, സിരി ഇൻസ്റ്റിറ്റ്യൂഷൻ മാനേജിംഗ് ഡയറക്ടർ കെ.എൻ. ജനാർദ്ദന, സരിത ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.