കാസർകോട്: കാസർകോട് ജില്ലയിലെ തീരപ്രദേശങ്ങളായ കാപ്പിൽ, കൊപ്പൽ, ജന്മ, കൊവ്വൽ, തൃക്കണ്ണാട് കടപ്പുറങ്ങളിൽ കടലാക്രമണം തടയാൻ ടെട്രാപോഡ് കടൽ ഭിത്തി നിർമ്മിക്കാനായി 85 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു. മേജർ ഇറിഗേഷൻ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് പദ്ധതി നടത്തിപ്പിനായി പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇതിന് മുന്നോടിയായി മേജർ ഇറിഗേഷൻ കാസർകോട് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാർ, അസി. എക്സിക്യൂട്ടീവ് എൻജിനീയർ അർജുൻ, കാഞ്ഞങ്ങാട് അസിസ്റ്റന്റ് എൻജിനീയർ ബാബു എന്നിവർ തീരപ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു.
മുൻവർഷങ്ങളിലൊന്നും ഇല്ലാത്ത വിധത്തിൽ ശക്തിയായ തിരമാലകളാണ് ഇത്തവണ ഉദുമയുടെ തീരപ്രദേശങ്ങളിൽ ഉണ്ടായതെന്ന് ഇവർക്ക് ബോധ്യപ്പെട്ടിരുന്നു. കരിങ്കൽ ഭിത്തിയോ, ജിയോ ബാഗോ ഇട്ടാൽ കടലാക്രമണം ചെറുക്കാൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ജനവികാരത്തിന് അനുസരിച്ച് ടെട്രാപോഡ് തന്നെ സ്ഥാപിക്കാൻ ഉദ്യോഗസ്ഥ സംഘം ശുപാർശ നൽകിയിട്ടുള്ളത്.
ചെല്ലാനം മോഡൽ ടെട്രാപോഡ് കടൽഭിത്തി തന്നെ സ്ഥാപിക്കണമെന്ന് തീരദേശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നൽകിയ 1041 പേർ ഒപ്പിട്ട നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. രൂക്ഷമായ കടലാക്രമണത്തെ തുടർന്ന് കൊവ്വൽ ബീച്ചിൽ കടലും വീടുകളും തമ്മിൽ 16 മീറ്റർ അകലം മാത്രമാണുള്ളത്. 200 തേങ്ങുകളും 120 മീറ്റർ ജിയോ ബാഗും കടലെടുത്തു.
3,700 മീറ്റർ ടെട്രാപോഡിന് ശുപാർശ
കാപ്പിൽ, ജന്മ, കൊവ്വൽ തീരം മുതൽ നൂമ്പിൽ കടപ്പുറം വരെയുള്ള 1500 മീറ്റർ ദൂരത്തിൽ ടെട്രാപോഡ് സ്ഥാപിക്കുന്നതിനായി 35 കോടിയുടെയും തൃക്കണ്ണാട് തീരത്ത് 2200 മീറ്റർ ദൂരത്തിൽ ടെട്രാപോഡ് സ്ഥാപിക്കുന്നതിനായി 50 കോടിയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. തൃക്കണ്ണാട് കടപ്പുറത്തെ എസ്റ്റിമേറ്റ് ജില്ലാ കളക്ടർക്കും കൊവ്വൽ ബീച്ച്, ജന്മ കടപ്പുറത്തെ എസ്റ്റിമേറ്റ് ചീഫ് എൻജിനീയർക്കുമാണ് അയച്ചത്. വടക്കേ മലബാറിൽ എവിടെയും ടെട്രാപോഡ് കടൽ ഭിത്തി നിർമ്മിച്ചിട്ടില്ല.
വേണം കേന്ദ്രസഹായം
തീരപ്രദേശങ്ങളിലെ ജനങ്ങളെയും ഭൂമിയെയും കടൽ വിഴുങ്ങുന്നതിൽ നിന്ന് സംരക്ഷിക്കാൻ ടെട്രാപോഡ് സ്ഥാപിക്കണമെന്ന് ശുപാർശ ചെയ്യുമ്പോഴും ഫണ്ട് കീറാമുട്ടിയായേക്കും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് തടസമായി ചൂണ്ടിക്കാണിക്കുന്നത്. കടൽ തീര സംരക്ഷണത്തിനുള്ള കേന്ദ്ര ഫണ്ട് ലഭ്യമാക്കിയാൽ ടെട്രാപോഡ് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയാൽ കേന്ദ്രം കനിഞ്ഞേക്കും.