കണ്ണൂർ: താമസസ്ഥലത്തും രൂക്ഷമായ മാലിന്യ പ്രതിസന്ധിയിൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ വെള്ളംകെട്ടിനിന്ന് കൂത്താടികൾ വളരുന്ന സ്ഥിതിയാണ്. ചത്ത എലിയുടെയും മറ്റും ദുർഗന്ധവും അസഹനീയം. കിണറിൽ പോലും ചാക്കിൽകെട്ടിയ നിലയിൽ മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. കണ്ണൂർ തെക്കിബസാർ കൃഷി ഭവന് സമീപം കോർപറേഷൻ ശുചീകരണ തൊഴിലാളികളുടെ ക്വാട്ടേഴ്സിന് സമീപം വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം ഇതുവരെ നീക്കം ചെയ്തിട്ടില്ല.
ആളൊഴിഞ്ഞ ക്വാട്ടേഴ്സുകളുടെ പറമ്പിലും റോഡരികിലുമെല്ലാം വാഹനങ്ങളിലെത്തി ആളുകൾ മാലിന്യം തള്ളുകയാണ്. ചാക്കിലും സഞ്ചിയിലും കെട്ടി തള്ളിയശേഷം കടന്നുകളയുന്നു. ശുചീകരണ തൊഴിലാളികളുടെ പുതിയ ക്വാട്ടേഴ്സിന് സമീപവും മാലിന്യം തള്ളുന്നുണ്ട്. ഈ ഭാഗത്ത് നിരീക്ഷണ ക്യാമറകളില്ലാത്തതും ആൾപെരുമാറ്റം കുറഞ്ഞതുമാണ് സാമൂഹവിരുദ്ധർക്ക് പ്രോത്സാഹനം ആകുന്നത്. സമീപത്തെ കിണറിലടക്കം മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഭക്ഷണാവിശിഷ്ടങ്ങളും എലി അടക്കമുള്ള ചത്തജീവികളുടെ അവശിഷ്ടവും കൊണ്ടിടുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം.
മഴയിൽ മാലിന്യം അഴുകി നടപ്പാതയിലേക്ക് മലിനജലം ഒഴികി വരികയാണ്. പ്രദേശവാസികൾ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തു നിന്നും കാര്യമൊന്നുമുണ്ടായിട്ടില്ല. ദർഗന്ധംമൂലം ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് പ്രദേശവാസികളെല്ലാം.
തെരുവുനായ ശല്യവും രൂക്ഷം
തെരുവുനായ ശല്യവും രൂക്ഷമാണ്. മാലിന്യത്തിൽനിന്ന് ഭക്ഷണാവിശിഷ്ടങ്ങൾ ലഭിക്കുന്നതിനാൽ നായക്കൂട്ടം ഉപയോഗശൂന്യമായ ക്വാട്ടേഴ്സുകളിൽ തമ്പടിച്ചിരിക്കുകയാണ്. കുട്ടികളും പ്രായമായവരും ഇതുവഴി കടന്നുപോകുന്നത് പ്രാണഭയത്താലാണ്. നിരീക്ഷണ ക്യാമറകൾ വ്യാപകമായതോടെയും പൊലീസിന്റെയും നാട്ടുകാരുടെയും ഇടപെടലിനെ തുടർന്നും പ്രധാനറോഡരികുകളിൽ മാലിന്യം തള്ളൽ കുറഞ്ഞിട്ടുണ്ട്. എന്നാൽ, ഉൾപ്രദേശങ്ങളിലെ ചെറുറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും മാലിന്യം തള്ളൽ കേന്ദ്രമായിരിക്കുകയാണ്.
ആളൊഴിഞ്ഞ സമയത്ത് വാഹനങ്ങളിലെത്തി മാലിന്യം തള്ളി കടന്നുകളയുകയാണ്. ഉൾപ്രദേശങ്ങളിലടക്കം പൊലീസ് പരിശോധന നടത്തണം. കോർപറേഷൻ ക്യാമറ സ്ഥാപിക്കണം.
രാജൻ,
നാട്ടുകാരൻ