നീലേശ്വരം: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ അഴിത്തല ബീച്ചിലേക്കുള്ള റോഡ് പൊട്ടി പൊളിഞ്ഞു കിടക്കുന്നു. തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷൻ മുതൽ റോഡ് അവസാനിക്കുന്ന അഴിത്തല വരെയുള്ള മൂന്നു കിലോമീറ്ററിലധികം വരുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ജനങ്ങൾ യാത്രാക്ലേശം അനുഭവിക്കുന്നത്. ഈ ഭാഗങ്ങളിൽ റോഡ് തകർന്ന് വലിയ കുഴി രൂപപെട്ടു. മഴ വന്നതോടെ കുഴിയിൽ ചെളിവെള്ളം കെട്ടി കിടക്കുകയാണ്.
ഇതിൽ ഇരുചക്ര മുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ടൂറിസം കേന്ദ്രത്തിലെ റോഡാണെങ്കിലും ടാറിംഗ് നടത്തിയിട്ട് വർഷങ്ങളായി. ബീച്ച് കാണാനായി സഞ്ചാരികൾ ഉൾപെടെ ദിവസവും വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ് ഇവിടേക്ക് എത്തി ചേരുന്നത്. അതിനിടയിൽ മൂന്നു കോടിയുടെ മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നത് ദേശീയ പാതയിലെ തോട്ടം ജംഗ്ക്ഷൻ മുതൽ തൈക്കടപ്പുറം സ്റ്റോർ ജംഗ്ക്ഷൻ വരെയാണ്. അതുകൊണ്ട് തന്നെ സ്റ്റോർ ജംഗ്ഷൻ മുതൽ പുതിയ തീരദേശ റോഡ് വരുമ്പോൾ മാറ്റങ്ങൾ വരുമെന്നാണ് പറയുന്നത്. എന്നാൽ തീരദേശ റോഡിന്റെ അലൈൻമെന്റ് മാറ്റം വരുമ്പോഴും സ്ഥലമെടുപ്പ് പൂർത്തിയായി വരുമ്പോഴേക്കും വർഷങ്ങൾ കഴിയും. അത്രയും കാലം കുഴിയിൽ സഞ്ചരിച്ച് നടുവൊടിഞ്ഞ് യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് തീരദേശ റോഡുള്ളത്. നീലേശ്വരം നഗരസഭയിപ്പെട്ട ടൂറിസം കേന്ദ്രമായ തൈക്കടപ്പുറം അഴിത്തല റോഡിൽ താൽക്കാലിക അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.