പിലിക്കോട്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് ഏച്ചിക്കുളങ്ങരയിലേക്ക് കടന്നുപോകുന്ന തീക്കുഴിച്ചാലിൽ അടിപ്പാതയുടെ പ്രവൃത്തി തുടങ്ങി. അഞ്ച് മീറ്റർ വീതിയിൽ രണ്ടര മീറ്റർ ഉയരത്തിലുള്ള അണ്ടർ പാസേജാണ് പണിയുന്നത്. ഒക്ടോബർ അവസാനത്തോടെ അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയാക്കാനാണ് കരാർ കമ്പനിയുടെ തീരുമാനം. ദേശീയപാത 66-ന്റെ നവീകരണ പ്ലാനിൽ ഇവിടെ അടിപ്പാത അനുവദിച്ചിരുന്നില്ല. ഇതോടെ ഇതുവഴിയുള്ള നൂറ്റാണ്ടുകളായി നടന്നുവരുന്ന ആറാട്ട് മുടങ്ങുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാർ.

തുടർന്ന് തീക്കുഴിച്ചാലിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് രയരമംഗലം ഭഗവതി ക്ഷേത്ര ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ശ്രമഫലമായാണ് അടിപ്പാത അനുവദിച്ചത്. അഞ്ച് മീറ്റർ വീതിയിൽ രണ്ടര മീറ്റർ ഉയരത്തിലുള്ള അടിപ്പാതയാണ് പണിയുന്നത്. ഒക്ടോബർ അവസാനത്തോടെ അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയാക്കാനാണ് കരാർ കമ്പനിയുടെ തീരുമാനം.

ആറാട്ട് വഴി സംരക്ഷണ സമിതി പ്രസിഡന്റ് പി.പി.അടിയോടി, ജനറൽ കൺവീനർ എം.പി.പദ്മനാഭൻ, കൺവീനർ ടി.രാജൻ, രയരമംഗലം ഭഗവതി ക്ഷേത്രം ട്രസ്റ്റി ചെയർമാൻ എൻ.വി.രവീന്ദ്രൻ, നവീകരണ സമിതി പ്രസിഡന്റ് എം.വി.തമ്പാൻ പണിക്കർ, സെക്രട്ടറി അഡ്വ. പി.എം.പ്രകാശൻ എന്നിവർ സംസാരിച്ചു. കരാർ കമ്പനി ജീവനക്കാർ, തൊഴിലാളികൾ, രയരമംഗലം ക്ഷേത്രത്തിലെ വിവിധ കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ പങ്കെടുത്തു. പദ്ധതി പ്രവർത്തനം ആരംഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് പായസ വിതരണവും നടന്നു.