കൊട്ടിയൂർ: ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കാതെയുള്ള കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പുതിയ മാപ്പ് പുറത്തുവന്നതോടെ ജനങ്ങൾ വീണ്ടും ആശങ്കയിലായി. കൊട്ടിയൂരിലെ 1.17 ചതുരശ്ര കിലോമീറ്റർ ജനവാസ കേന്ദ്രമാണ് പുതിയ മാപ്പിൽ പരിസ്ഥിതി ലോല മേഖലയായി (ഇ.എസ്.എ) തുടരുന്നത്.
ജനവാസ കേന്ദ്രത്തെയും കൃഷിയിടങ്ങളെയും ഒഴിവാക്കുന്നതിനു വേണ്ടി സർവേ നടത്തി റിപ്പോർട്ട് നൽകിയിട്ടും പുതിയ മാപ്പിലും
300 ഏക്കറിൽ അധികം ജനവാസ കേന്ദ്രം ഉൾപ്പെട്ടതാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ 3, 4 വാർഡുകളിൽ ഉൾപ്പെടുന്ന പന്നിയാംമലയ്ക്കും പാലുകാച്ചിക്കും ഇടയിലുള്ള ജനവാസ കേന്ദ്രങ്ങളാണ് പുതിയ മാപ്പിലും പരിസ്ഥിതിലോല മേഖലയായി തുടരുന്നത്.
വന്യജീവി സങ്കേതത്തിൽ നിന്നും റിസർവ് വനമേഖലയിൽ നിന്നും വളരെ അകലെയാണ് പ്രദേശമെങ്കിലും മാപ്പിൽ ഇത് മലയോര ഹൈവേയിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ കൊട്ടിയൂർ, ആറളം, ചെറുവാഞ്ചേരി വില്ലേജുകളാണ് ഇ.എസ്.എയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കരടു പുറത്തിറക്കുന്നതിന് മുമ്പായി സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ നിർദ്ദേശമുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശോധന നടത്തണമെന്നായിരുന്നു നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ കൃത്യമായി സർവേ നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
300 ഏക്കർ ജനവാസകേന്ദ്രം
പുതിയ മാപ്പിലും 300 ഏക്കറിൽ അധികം ജനവാസ കേന്ദ്രം ഉൾപ്പെട്ടതാണ് ജനങ്ങളെ ആശങ്കാകുലരാക്കുന്നത്. ജനവാസ കേന്ദ്രങ്ങൾ ഇ.എസ്.എയിൽ നിന്ന് ഒഴിവാക്കുന്നതിനായി കൊട്ടിയൂർ പഞ്ചായത്ത് സ്വന്തംനിലയ്ക്ക് സർവേ നടത്തി മാപ്പ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കാതെയാണ് പുതിയ മാപ്പ് പുറത്തിറക്കിയതെന്നും ആക്ഷേപമുണ്ട്.
പുതിയ മാപ്പ് സംബന്ധിച്ച് ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 30 ആണ്.
കസ്തൂരി രംഗൻ റിപ്പോർട്ടിലെ പുതിയ മാപ്പിൽ കൊട്ടിയൂർ വില്ലേജിലെ ജനവാസ മേഖല ഉൾപ്പെട്ടത് സംബന്ധിച്ച് അധികൃതർ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം.
ജിൽസ്.എം. മേക്കൽ, കൊട്ടിയൂർ സംരക്ഷണ സമിതി നേതാവ്