ajin
അജിൻ സുരേഷിനെ പട്ടും വളയും പണിക്കർ സ്ഥാനവും നൽകി ആദരിച്ചപ്പോൾ.

പയ്യന്നൂർ: കോറോം മുക്കോത്തടം വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് നടന്ന ഒറ്റക്കോല മഹോത്സവത്തിൽ കോലധാരിയായി കനലാട്ടം നടത്തിയ അജിൻ സുരേഷിനെ ആചാരവളയും പണിക്കർ സ്ഥാനവും നൽകി ആദരിച്ചു.

പയ്യന്നൂർ കുഞ്ഞിമംഗലം മനയിൽ വെച്ച് പട്ടും വളയും നൽകി പണിക്കരായി, ശ്രീകാന്ത് തിരുമുമ്പ് നാമകരണം ചെയ്തു. കണ്ടോത്ത് ക്ഷേത്രം അന്തിത്തിരിയൻ കരുണാകരൻ, ക്ഷേത്രം കാർണവൻമാർ, കുടക്കാർ, കൂട്ടായിക്കാർ, മുച്ചിലോട്ടേയും കണ്ടോത്തറയിലെയും സമുദായക്കാർ, കോയ്മമാർ എന്നിവർ അരിയിട്ട് പണിക്കർ നാമകരണം ചെയ്തു. തുടർന്ന് കാൽനടയായി കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ എത്തി അനുഗ്രഹം വാങ്ങി അരിയളന്നു. പിന്നിട് മുക്കാത്തടത്തിലും മുച്ചിലോട്ടമ്മയുടെ തിരുനടയിലും തൊഴുത് ഭണ്ഡാരപുരയിൽ അരിയളന്നു. അജിൻ സുരേഷിന്റെ വീട്ടിലും ചടങ്ങുകൾ നടന്നു.

ഇരു ക്ഷേത്രത്തിലെയും വാല്യക്കാർ, സമുദായക്കാർ തുടങ്ങിയവർ വീട്ടിലെത്തി അനുഗ്രഹിച്ചു.

ചെറുപ്രായത്തിൽ തന്നെ ആടിവേടൻ കെട്ടി തെയ്യക്കോല രംഗത്ത് ചുവട് വെച്ച അജിൻ സുരേഷ്, പ്രധാന തെയ്യങ്ങളായ വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, ഒറ്റക്കോലം, ഗുളികൻ, പൊട്ടൻ ദൈവം തുടങ്ങി നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.

കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രവും കോറോം മുച്ചിലോട്ടും കൊടക്കൽ - പനയന്തട്ട തറവാട്ടുകാരും നാട്ടുകാരും ചേർന്ന സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് മുക്കോത്തടത്തിൽ ഒറ്റക്കോലം നടന്നത്.