കൂത്തുപറമ്പ്: മാങ്ങാട്ടിടത്തുനിന്ന് നിരോധിച്ച രണ്ട് ക്വിന്റൽ ക്യാരിബാഗ് പിടികൂടി. തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ്സ് സ്‌ക്വാഡ് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് 200 കിലോ നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടികൂടിയത്. സഫാ ഫുഡ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിൽ സൂക്ഷിച്ച നിലയിലാണ് സ്‌ക്വാഡ് നിരോധിത വസ്തുക്കൾ കണ്ടെത്തിയത്. പ്രധാന റോഡിൽ നിന്നും നാല് കിലോമീറ്ററിലധികം ദൂരത്തുള്ള മാണിക്കോത്ത് വയലിലെ വീടിനോട് ചേർന്നുള്ള ഗോഡൗണിലാണ് ക്യാരിബാഗുകൾ സൂക്ഷിച്ചിരുന്നത്. രണ്ട് കിലോ പ്ളാസ്റ്റിക് ആവരണമുള്ള നിരോധിത പേപ്പർ കപ്പുകളും പിടിച്ചെടുത്തു. പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ കടകളിൽ വിതരണം ചെയ്യുന്നതിനൊപ്പമാണ് ഡെലിവറി വാഹനങ്ങൾ വഴിയാണ് സഫാ ഫുഡ്സ് ഏജൻസി ക്യാരിബാഗ് ദിവസേനെ വിതരണം ചെയ്തിരുന്നത്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌മെന്റ് സ്‌ക്വാഡ് ലീഡർ ലജി എം, എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ബാബു, രോഷിത് എന്നിവർ പങ്കെടുത്തു.