പാനൂർ: കടവത്തൂർ ടൗണിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കടകൾ പൂർണ്ണമായും ഒരു ജ്വല്ലറി ഭാഗികമായും കത്തി നശിച്ചു. ഫയർ ഫോഴ്സിന്റെയും നാട്ടുകാരുടെയും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
ഞായറാഴ്ച വൈകീട്ട് 3.15 ഓടെയായിരുന്നു തീപിടിത്തം. കടവത്തൂർ ടൗണിലെ മെട്രോ ഫാൻസി ആൻഡ് ഫൂട്ട്‌വേറിന്റെ സൈൻബോർഡിൽ നിന്നും തീപടരുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ കടയിൽ ഉണ്ടായിരുന്നവരെയും സമീപത്തെ കടകളിൽ ഉള്ളവരെയും സ്ഥലത്ത് നിന്നും മാറ്റി. പെട്ടെന്ന് സമീപത്തെ കടകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഡേൾവിൻ ഫാൻസി, റൂബി പർദ്ദ ഷോപ്പ്, മെട്രോ ഫാൻസി ആൻഡ് ഫൂട്ട് വേർസ് എന്നിവ പൂർണ്ണമായും സ്വർണ്ണാഞ്ജലി ജ്വല്ലറി ഭാഗികമായും കത്തിനശിച്ചു. പാനൂർ, നാദാപുരം, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നും 5 യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. കെ.പി മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് അടിയന്തര സഹായവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. മെട്രോ ഫാൻസിക്ക് പത്ത് ലക്ഷം രൂപയും ഡേൾവിൻ ഫാൻസി, റൂബി പർദ്ദ ഷോപ്പ് എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി അടിയന്തര സഹായം പ്രഖ്യാപിച്ചു.