aadharam
തങ്കമണിയുടെയും സഹോദരിയുടെയും ആധാരം സാമൂഹ്യനീതി വകുപ്പ് ഡയരക്ടർ എച്ച് ദിനേശൻ കൈമാറുന്നു

നീലേശ്വരം: തെരുവിലേക്ക് ഇറങ്ങേണ്ടിവരുമായിരുന്ന സഹോദരിമാരെ ചേർത്തുപിടിച്ച് സഹപാഠികൾ. പള്ളിക്കര ചെമ്മക്കരയിലെ പള്ളി വളപ്പിൽ തങ്കമണി (54) സഹോദരി സുകുമാരി (58) എന്നിവരെയാണ് നീലേശ്വരം രാജാസ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി 84- 85 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠി ചേർത്തുപിടിച്ചത്.

മഴ വന്നാൽ ചോർന്നൊലിക്കുന്ന കൂരയിൽ തനിച്ചു കഴിഞ്ഞിരുന്ന സഹോദരിമാർ വെയിലും മഴയും കൊള്ളാതെ അന്തിയുറങ്ങാൻ വീടുപണിയുന്നതിനാണ് ബാങ്കിൽ നിന്നും വായ്പ എടുത്തത്. വാതരോഗിയായ തങ്കമണി ബീഡി തെറുത്താണ് മാനസിക വൈകല്യമുള്ള ചേച്ചിയെ സംരക്ഷിച്ചിരുന്നത്. ബീഡിപ്പണിയിൽ നിന്ന് കിട്ടുന്ന തുച്ഛ വരുമാനം മിച്ചം വെച്ച് വായ്പ ഗഡു കൃത്യമായി തിരിച്ചടച്ചിരുന്നു.

ഇതിനിടയിൽ കൊവിഡ് പടർന്നു പിടിക്കുകയും ഇരുവർക്കും അസുഖം മൂർച്ഛിക്കുകയും ചെയ്തോടെ വായ്പാ തിരിച്ചടവ് മുടങ്ങി. ഒരു ലക്ഷത്തി അറുപതിനായിരം രൂപയാണ് വായ്പയെടുത്തത്. എന്നാൽ കുടിശ്ശിക വന്നതോടെ തിരിച്ചടയ്ക്കേണ്ട തുക 2,03,392 രൂപയായി. ഇതോടെ ബാങ്ക് ജപ്തി നടപടി ആരംഭിച്ചു. ഇതറിഞ്ഞതോടെയാണ് തങ്കമണിയെ ജപ്തി നടപടിയിൽ നിന്നും രക്ഷിക്കാൻ സഹപാഠികൾ രംഗത്തിറങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ സഹപാഠി കൂട്ടായ്മയിലെ അംഗങ്ങൾ ചെറുതും വലുതുമായ തുക സ്വരൂപിച്ച് തങ്കമണിയുടെ വായ്പ കുടിശ്ശിക അടച്ചുതീർത്തു.

നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന തങ്കമണിക്കും ചേച്ചിക്കും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് തന്നെ മാസം നല്ലൊരു തുക ചെലവാക്കേണ്ടി വരുന്നു. ഇതിനിടയിൽ ജപ്തി ഭീഷണി കൂടി വന്നതോടെ ആത്മഹത്യയുടെ വക്കത്ത് എത്തിനിൽക്കുമ്പോഴാണ് കൈത്താങ്ങുമായി സഹപാഠികൾ രംഗത്ത് വന്നത്. വായ്പ കുടിശ്ശിക തീർത്ത് ബാങ്കിൽ നിന്നും തിരിച്ചെടുത്ത വീടിന്റെയും പറമ്പിന്റെയും ആധാരം കഴിഞ്ഞദിവസം ബേക്കൽ ക്ലബ്ബിൽ നടന്ന സഹപാഠി കുടുംബസംഗമത്തിൽ വച്ച് സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ തങ്കമണിക്കും ചേച്ചി സുകുമാരിക്കും കൈമാറി. ചടങ്ങിൽ പ്രഭാഷകൻ വത്സൻ പിലിക്കോട് മുഖ്യാതിഥിയായി. സഹപാഠി കൂട്ടായ്മ പ്രസിഡന്റ് ചിത്രകല ചന്ദ്രൻ, സെക്രട്ടറി സേതു ബങ്കളം, ട്രഷറർ സംഗീത മധു എന്നിവർ സംസാരിച്ചു.