മാഹി: മയ്യഴിക്കാർക്ക് ഇപ്പോൾ വിഷപ്പാമ്പുകളെ പേടിയില്ല. രാജവെമ്പാലയായാലും പിടിക്കാൻ മെഹബൂബ് തൊട്ടരികിലുണ്ട്. വിവരമറിയിച്ചാൽ മതി, പ്രതിഫലേച്ഛയില്ലാതെ ഏതു പാമ്പിനെയും ചാക്കിൽ കയറ്റിയിരിക്കും.
ഓർമ്മവെച്ച നാളുകൾ തൊട്ട് പാമ്പുകളെ പ്രണയിച്ച മെഹബൂബ്, കൗമാരം പിന്നിട്ടതോടെ അറിയപ്പെടുന്ന പാമ്പുപിടിത്തക്കാരനായി. കടൽ പാമ്പുകളും, പുഴ പാമ്പുകളുമടക്കം മൂർഖൻ, അണലി തുടങ്ങി ഒട്ടേറെ വിഷപ്പാമ്പുകളുടെ വിഹാരകേന്ദ്രമാണ് മയ്യഴി ടൗണും ഉൾനാടൻ ഗ്രാമങ്ങളും. മാഹി, പള്ളൂർ, പന്തക്കൽ, ചൊക്ലി, ന്യൂമാഹി, ചോമ്പാല പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാമ്പുകളെ പിടിക്കാനായി വിളിക്കുന്നത് കേരള വനം വകുപ്പിന്റെ ലിസ്റ്റിൽ ഇടം നേടിയ 47 കാരനായ ഈ മയ്യഴിക്കാരനെയാണ്.
ചെറുപ്രായത്തിൽ തന്നെ പാമ്പിനെ പിടിക്കാൻ പിന്നാലെ ഓടുന്ന മെഹബൂബിനെ മാതാപിതാക്കൾ വല്ലാതെ പേടിപ്പിക്കുമായിരുന്നെങ്കിലും മെഹബൂബ് പിന്നോട്ട് പോയില്ല. ഏഴാം വയസ്സിൽ ആഗ്രഹം സാധിച്ചു. ചേരയെ പിടിച്ചു. കണ്ണൂരിലെ ലൈസൻസുള്ള പാമ്പുപിടിത്തക്കാരൻ മുരളിയിൽ നിന്നാണ് പാമ്പ് പിടിത്തത്തിന്റെ അടവുതന്ത്രങ്ങൾ സ്വായത്തമാക്കിയത്. മാഹിയിൽ പെരുമ്പാമ്പ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്ന് മെഹബൂബ് പറയുന്നു.
ഏത് തരം പാമ്പായാലും ഇപ്പോൾ കൈത്തഴക്കം മൂലം അനായാസേന പിടികൂടാൻ മെഹബൂബിന് കഴിയും. സ്വന്തം കൈയിൽ നിന്ന് പണം ചിലവഴിച്ച് വിളി കേട്ടിടത്ത് എത്തി സമർത്ഥമായി, എവിടെ നിന്നായാലും പാമ്പുകളെ പിടിക്കും. പ്രതിഫലം ആത്മ നിർവൃതി മാത്രം. ചവിട്ടിയാൽ ചേരയും കടിക്കുമെന്നല്ലാതെ, സാധാരണ നിലയിൽ ഒരു പാമ്പും കടിക്കില്ലെന്ന് മെഹബൂബ് പറയുന്നു.
അര മീറ്ററോളം വരുന്ന വിഷം കുറഞ്ഞ ചുവർ പാമ്പുകൾ പല വീടുകളിലും കയറിക്കൂടും. കടിച്ചാൽ ചിണർക്കും. ചൊറിഞ്ഞ് പൊട്ടിയാൽ ഉണങ്ങാൻ ബുദ്ധിമുട്ടും. മഴക്കാലത്താണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇവയെ പിടിക്കാനും ബുദ്ധിമുട്ടാണ്. ഭീമമായ സംഖ്യ വിദേശ മൂല്യമുള്ള ഇരുതലമൂരിയും ചുവന്ന കടൽപ്പാമ്പുമെല്ലാം അപൂർവ്വമെങ്കിലും മാഹിയിലുണ്ട്. പെരിമ്പാമ്പുകളാണ് ധാരാളം. എത്ര തന്നെ ക്ലേശിക്കേണ്ടി വന്നാലും ഒരു പാമ്പിനു പോലും തന്റെ കൈകൊണ്ട് ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് ചാരിതാർത്ഥ്യം.
മെഹബൂബ്.
12 വർഷത്തിനിടെ പിടിച്ചത് 300 ഓളം വിഷപ്പാമ്പുകളെ.
8 തവണ പാമ്പ് കടിയേറ്റു.
മെഹബൂബിനെ വിളിക്കാം 9895176299