pukasa
പുരോഗമന കലാ സാഹിത്യ സംഘം

കണ്ണൂർ: പുരോഗമന കലാസാഹിത്യസംഘത്തിന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഇന്നു തുടങ്ങും. ഇ.കെ നായനാർ അക്കാഡമിയിൽ രാവിലെ 10ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രഭാഷണം നടത്തും. ടി. പദ്മനാഭൻ, എം. മുകുന്ദൻ, കമൽ, ആദവൻ ദീക്ഷണ്യ, വിജയലക്ഷ്മി, സുനിൽ പി. ഇളയിടം, ടി.ഡി രാമകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
കേരളത്തിലെ 3000 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 610 പേരും ഇതര സംസ്ഥാനങ്ങളിലെ ഘടകങ്ങളിൽനിന്നുള്ള സൗഹാർദപ്രതിനിധികളുമുൾപ്പെടെ 650 സാംസ്‌കാരിക പ്രവർത്തകർ രണ്ടു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ. തുടർന്ന് അലോഷിയുടെ ഗാനാലാപനത്തോടെയാണ് സമ്മേളന നടപടികൾക്കു തുടക്കമാവുക. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുൺ അദ്ധ്യക്ഷനാകും. സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കലാസാഹിത്യ മത്സര വിജയികൾക്ക് ടി. പദ്മനാഭനും എം. മുകുന്ദനും സമ്മാനം നൽകും. സ്വാഗതസംഘം ചെയർമാൻ
കെ.വി സുമേഷ് എം.എൽ.എ സ്വാഗതം പറയും.
12.30ന് പ്രതിനിധി സമ്മേളനം, ഉച്ചയ്ക്കു ശേഷം ഗ്രൂപ്പു ചർച്ചയും പൊതു ചർച്ചയും. വൈകിട്ട് 4.45ന് ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും.
ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. 12.15 ന് പ്രൊഫ. എം.എം നാരായണൻ ഭാവിപ്രവർത്തന രൂപരേഖ അവതരിപ്പിക്കും. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്ത് സമ്മേളനം വൈകിട്ട് സമാപിക്കും.