കാസർകോട്: കർണാടക വനത്തിൽ നിന്നും അതിർത്തി കടന്നെത്തുന്ന കാട്ടാനകളുടെ ഭീഷണിയിൽ റാണീപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ നാല് ദിവസം ട്രക്കിംഗ് മുടങ്ങിയതോടെ മേഖലയിൽ കനത്ത നഷ്ടം. കൂട്ടത്തോടെ മല കയറിവന്ന കാട്ടാനകൾ കർണാടക വനത്തിലേക്ക് തിരിച്ചുപോയെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ട്രക്കിംഗ് ഇന്നലെ പുനരാരംഭിച്ചത് ആശ്വാസമായി.
വനംവകുപ്പ് ഉദ്യോഗസ്ഥരും റാണിപുരം വനസംരക്ഷണ സമിതിയിലെ വാച്ചർമാരും രാവിലെ നടത്തിയ പരിശോധനയെ തുടർന്നാണ് 11 മണിയോടെ ട്രക്കിംഗ് വീണ്ടും തുടങ്ങിയത്. കൂടുതൽ തിരക്കുള്ള പ്രധാനപ്പെട്ട നാല് ദിവസമാണ് ട്രക്കിംഗ് മുടങ്ങിയത്. സംസ്ഥാനത്തിന് പുറത്തുനിന്നടക്കം നിരവധി സഞ്ചാരികളാണ് കഴിഞ്ഞ ദിവസങ്ങളിൽ റാണിപുരത്തെത്തി ട്രക്കിംഗ് നടത്താനാകാതെ മടങ്ങിയത്.
റാണിപുരത്തേക്ക് കയറുന്ന ടിക്കറ്റ് കൗണ്ടറിന് 400 മീറ്റർ അകലെയുള്ള പുൽമേട്ടിലാണ് എല്ലാദിവസവും ആനക്കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടത്. സഞ്ചാരികൾ മുകളിലേക്ക് കയറി പോകുന്ന വഴിയാണിത്. നല്ല രീതിയിൽ കോടയും മഴയും ഈ ഭാഗത്ത് ഉണ്ടായിരുന്നു. കോടമഞ്ഞ് കാരണം നടപ്പാതയിൽ കാട്ടാനകൾ നിൽക്കുന്നത് ദൂരെനിന്നും കാണാൻ പ്രയാസമാണ് . ആനകളെ വഴിയിൽ കണ്ടാൽ സഞ്ചാരികൾ മൊബൈലിൽ ഫോട്ടോ എടുക്കാനും സെൽഫി എടുക്കാനും ശ്രമിച്ചാൽ ആനകൾ കൂടുതൽ പ്രകോപിതരാകും. സഞ്ചാരികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ്, മൺസൂൺ ടൂറിസത്തിന്റെ സാധ്യതയേറിയ ശനി, ഞായർ ദിവസവും ട്രക്കിംഗ് നിർത്തിവയ്ക്കേണ്ടി വന്നത്. ഇത് വലിയ നഷ്ടം ആണ് ഉണ്ടാക്കിയത്.
കാട്ടാനവന്നാൽ സഞ്ചാരികളെ തടയും
സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് റാണിപുരത്ത് ഉണ്ടാകുന്നത്. ആനക്കൂട്ടം പുൽമേട്ടിൽ തന്നെ തുടർന്നാൽ നഷ്ടം ഇനിയും കൂടും. റാണിപുരത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്ക് ഏറ്റവും അനുകൂല സമയത്താണ് ആനക്കൂട്ടം പുൽമേട്ടിൽ തമ്പടിക്കാൻ എത്തിയത്. എല്ലാ ദിവസവും രാവിലെ പതിവു പോലെ വനംവകുപ്പ് ജീവനക്കാർ മലമുകളിലടക്കം പരിശോധന നടത്തും. കാട്ടാന സാന്നിദ്ധ്യമുണ്ടെങ്കിൽ സഞ്ചാരികൾക്ക് പ്രവേശനം നൽകില്ല.
കർണാടക വനത്തിനുള്ളിൽ കനത്ത മഴയും കാറ്റും ഉണ്ടായതിനാലാണ് ആനകൾ റാണിപുരം പുൽമേട്ടിൽ തന്നെ തമ്പടിച്ചത്. നാലുദിവസം ട്രക്കിംഗ് മുടങ്ങിയതിനാൽ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വനം വകുപ്പിന് ഉണ്ടായത്. മഴ പ്രശ്നമല്ലെങ്കിലും കോട ശക്തമായുള്ളത് ബുദ്ധിമുട്ടാണ്.
എസ്. മധുസൂദനൻ, പ്രസിഡന്റ്,
റാണീപുരം വന സംരക്ഷണ സമിതി