ഇരിട്ടി: ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളിൽ നൂറുകണക്കിന് കൃഷ്ണ-രാധാ വേഷധാരികൾ അണി നിരന്നതോടെ നാടും നഗരവീഥികളും അമ്പാടികളായി മാറി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കലിന്റെ ഭാഗമായി നിശ്ചലദൃശ്യങ്ങളും ഇതോടനുബന്ധിച്ച താളമേളങ്ങളും ഏറെയും ഒഴിവാക്കിയാണ് ബാലഗോകുലം ഇക്കുറി ജന്മാഷ്ടമി ആഘോഷിച്ചത്. ഇരിട്ടി മേഖലയിൽ അൻപതോളം കേന്ദ്രങ്ങളിലാണ് ശോഭായാത്രകൾ നടന്നത്.
ഇരിട്ടിയിൽ വള്ള്യാടിൽ നിന്നും ആരംഭിച്ച യമുനാ ശോഭായാത്ര കിഴൂർ ശ്രീമഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നിന്ന് ഗംഗാ ശോഭായാത്രയുമായി ചേർന്ന് കീഴൂർ വഴി പയഞ്ചേരിമുക്കിലെത്തുകയും അവിടെ വച്ച് പയഞ്ചേരി വായനശാലയിൽ നിന്നും പുറപ്പെട്ട സരസ്വതി ശോഭായാത്ര കൈരാതികിരാത ക്ഷേത്ര പരിസരത്ത് വെച്ച് ഗംഗയുമായി കൂടിച്ചേർന്ന് ഇരിട്ടി ബസ്റ്റാന്റിൽ വെച്ച് പെരുമ്പറമ്പ് ലക്ഷ്മി നരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും എത്തിയ ഗോദാവരി ശോഭായാത്രയും, മാടത്തിയിൽ നിന്നും എത്തിയ കാവേരി ശോഭായാത്രയുമായി ബസ് സ്റ്റാൻ‌ഡ് പരിസരത്തു ലയിച്ച് മഹാശോഭായാത്രയായി കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
തില്ലങ്കേരി, അയ്യൻകുന്ന്, പായം, മീത്തലെ പുന്നാട്, പുന്നാട്, ചാവശ്ശേരി, വെള്ളമ്പാറവിളക്കോട്, മുണ്ടാന്നൂർ എന്നിവിടങ്ങളിലും ശോഭായാത്രകൾ സംഘടിപ്പിച്ചു. വേക്കളം, വേരുമടക്കി, മണത്തണ ശോഭായാത്രകൾ ശ്രദ്ധിക്കപ്പെട്ടു. കൊട്ടിയൂർ മന്ദചേരി നിന്നും ആരംഭിച്ച ശോഭായാത്ര കൊട്ടിയൂർ ക്ഷേത്രത്തിൽ സമാപിച്ചു. പറയനാട്, വട്ടക്കയം, നടുവനാട് എന്നിവിടങ്ങളിലും ശോഭായാത്രകൾ നടത്തി.