peerangi
ആലയില്‍ സ്ഥാപിച്ച അടങ്കല്ല് പരിശോധിക്കുന്നു

കാഞ്ഞങ്ങാട്: നീലേശ്വരം കാരിമൂലയിലെ പി.പി രവിയുടെ ആലയിൽ, കനലിൽ നിന്ന് ചുട്ടുപഴുപ്പിച്ചെടുത്ത ഇരുമ്പ്, ചുറ്റിക കൊണ്ട് അടിച്ചു പണിയായുധങ്ങളാക്കി മാറ്റുന്ന അടകല്ല് പറയുന്നത് നീലേശ്വരം രാജവംശത്തിന്റെ ചരിത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള പീരങ്കിയാണ് ഇവിടെ അടകല്ലായി ഉപയോഗിച്ചു വരുന്നത്.

1757 ഡിസംബർ 3ന് നീലേശ്വരം സന്ദർശിച്ച രാമന്തളിയിലെ ഫ്രഞ്ച് കമാൻഡറുടെ സഹോദരൻ ആൻക്വിറ്റിൽ ഡുപേറൻ നീലേശ്വരത്ത് പാലായിക്കടുത്ത് ഫ്രഞ്ചു പീരങ്കി കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1756 ജൂൺ 22ന് നീലേശ്വരത്തെ മൂന്നാംകൂർ രാജാവിന്റെ അനന്തരവൻ, ഫ്രഞ്ചുസേനയെ പാലായിയിൽ വെച്ച് പരാജയപ്പെടുത്തിയതായും അന്നവിടെ ഉപേക്ഷിച്ച ഫ്രഞ്ച് സൈന്യത്തിന്റെ പീരങ്കിയാണതെന്നും മൂന്നാംകൂർ രാജാവിന്റെ അനന്തരവൻ ഡുപേറനെ അറിയിച്ചിരുന്നു.

മൂളിക്കുളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ വർഷങ്ങളോളം കിടന്ന പീരങ്കി 80 വർഷം മുമ്പ്, പാരമ്പര്യമായി കൊല്ലപ്പണിയെടുക്കുന്ന പി.പി രവിയുടെ പിതാവ് പുതിയ പുരയിൽ കുഞ്ഞിരാമന്റെ പിതാവിന് ആലയിൽ ഉപയോഗിക്കുന്നതിനായി നാടുവാഴി നൽകിയെന്നാണ് കരുതുന്നത്. കുറെക്കാലം കരിമൂല പടാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിനടുത്തുള്ള ആലയിൽ അടങ്കല്ലായി ഉപയോഗിച്ച പീരങ്കി ഈയടുത്താണ് പുതിയതായി നിർമ്മിച്ച ആലയിലേക്ക് മാറ്റി സ്ഥാപിച്ചത്.

പ്രശസ്ത തെയ്യം കലാകാരൻ കേളു പണിക്കർ രചിച്ച് കഴിഞ്ഞ മാസം പ്രകാശനം ചെയ്ത 'കനൽവഴികൾ താണ്ടിയ ജീവിതം' എന്ന ഗ്രന്ഥത്തിൽ നിന്നും പീരങ്കിയെക്കുറിച്ചറിഞ്ഞ ചരിത്രാദ്ധ്യാപകനായ ജയചന്ദ്രൻ ചാമക്കുഴി വിവരമറിയിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപകൻ ഡോ. നന്ദകുമാർ കോറോത്ത് ഫ്രഞ്ച് ഗ്രന്ഥത്തിലുള്ള പരാമർശത്തെക്കുറിച്ചും ഫ്രഞ്ച് നിർമ്മിതിയോടുള്ള സാമ്യതയും പ്രദേശവാസികളുമായി പങ്കുവച്ചു.

നീലേശ്വരത്തെ പരാമർശിച്ച് ചരിത്രഗ്രന്ഥം

1771ൽ ഫ്രഞ്ച് ഭാഷയിൽ ആൻക്വിറ്റിൽ ഡുപേറൻ എഴുതിയ സെൻത് അവസ്തയുടെ ആദ്യ യൂറോപ്യൻ പരിഭാഷ ഗ്രന്ഥത്തിൽ പതിമൂന്ന് പേജുകളിലായ് നീലേശ്വരത്തെക്കുറിച്ച് വിവരണങ്ങളുണ്ട്. ഗ്രന്ഥം 2013 ൽ ഗൂഗിൾ ബുക്സ് ഡിജിറ്റലൈസ് ചെയ്തു.

കാനറിയൻസിനെതിരെ യുദ്ധത്തിൽ സഹായിക്കുന്നതിനായി നീലേശ്വരം രാജാവിന്റെ അധികാര പരിധിയിൽ കോട്ട കെട്ടാൻ രാജാവ് ഫ്രഞ്ചുകാരെ അനുവദിച്ചതും 1000 സ്വർണ്ണ പഗോഡകൾ നൽകാത്തതിനാൽ നീലേശ്വരത്തെ കോട്ടയുടെ പകുതി ഭാഗം കാനറിയൻസ് (ഇക്കേരി നായകൻമാർ) കൈവശപ്പെടുത്തിയതും തുടർന്ന് നിസ്സഹായനായ കോലത്തിരി രാമന്തളി കോട്ട ഫ്രഞ്ചുകാരെ ഏൽപിച്ചതും ആൻക്വിറ്റിൽ ഡുപേറൻ വിവരിക്കുന്നുണ്ട്.