നാല് മൃതദേഹങ്ങൾ കണ്ടെത്തിയത് വനപാലകർ
ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ നാല് കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. വളയംചാൽ മീൻമുട്ടി റോഡിൽ 600 മീറ്റർ മാറി ഉൾവനത്തിലാണ് കുരങ്ങുകൾ ചത്ത നിലയിൽ ഇന്നലെ രാവിലെ വനപാലകർ കണ്ടെത്തിയത്. ആറളം വൈൽഡ് ലൈഫ് വാർഡൻ ജീ. പ്രദീപ്, കണ്ണൂർ ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ചർ ജയപ്രസാദ്, നരിക്കടവ് ഫോറസ്റ്റ് സ്‌റ്റേഷൻ ഡപ്യൂട്ടി റേഞ്ചർ പ്രദീപൻ കാരായി എന്നിവർ സ്ഥലത്തെത്തി. ആർ.ആർ.ടി വെറ്ററിനറി സർജൻ ഡോ. എലിയാസിന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി.
പ്രാഥമിക പരിശോധനയിൽ വിഷാംശം ഉള്ളിൽ ചെന്നതിന്റെ സൂചനകൾ കണ്ടെത്താനാകാത്തതിനാൽ വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവ ഭാഗങ്ങളും സ്രവങ്ങളും വയനാട് കുപ്പാടി വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോയി. രോഗ ബാധ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനാണിത്. പോസ്റ്റ് മോർട്ടം നടത്തിയ സർജൻ നേരിട്ടാണ് കൊണ്ടുപോയത്.
കുരങ്ങുപനി സാദ്ധ്യത:
ഗൗരവത്തോടെ നടപടി
ചത്തതിൽ ഒരു ആൺ കുരങ്ങും മൂന്ന് പെൺ കുരങ്ങുകളും. ഇതിൽ രണ്ടെണ്ണം വലുതും ഒന്ന് ഇടത്തരം പ്രായം ഉള്ളതും ഒന്ന് കുഞ്ഞുമാണ്. മൂന്ന് എണ്ണം 12 മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചിട്ടില്ലാത്ത വിധത്തിൽ വയറിൽ ഒന്നും കാണാത്തതും രോഗബാധയുടെ സൂചനകളാണു നൽകുന്നത്. കുരങ്ങുപനി പോലുള്ള ഭീഷണി സാദ്ധ്യതകൾ കണക്കിലെടുത്തു അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
വ്യാപക തെരച്ചിൽ
വനത്തിൽ മറ്റെവിടെയെങ്കിലും ഇത്തരം സാഹചര്യം ഉണ്ടോയെന്നു കണ്ടെത്താൻ ആറളം വന്യജീവി സങ്കേതത്തിൽ വ്യാപക തെരച്ചിൽ നടത്താൻ തീരുമാനം.
വൈറസ് രോഗം
വൈറസ് മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണ് കുരങ്ങുപനി. വനത്തിൽ ജീവിക്കുന്ന കുരങ്ങുകൾ, അണ്ണാൻ, ചെറിയ സസ്തനികൾ, പക്ഷികൾ തുടങ്ങിയവയിലാണ് രോഗം കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകൾ മനുഷ്യരെ കടിക്കുന്നതിലൂടെയോ രോഗബാധയുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായി സമ്പർക്കം ഉണ്ടാകുമ്പോഴോ ആണ് കുരുങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്.