കല്യാശ്ശേരി: കോലത്തുവയലിൽ തിങ്കളാഴ്ച ശോഭായാത്രയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷത്തിന് ചൊവ്വാഴ്ചയും അയവു വന്നില്ല. ചൊവ്വാഴ്ച സന്ധ്യയോടെ കീച്ചേരിയിൽ സംഘപരിവാർ സംഘടനകളുടെ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് മുദ്രാവാക്യം വിളിയും നേതാക്കളുടെ പ്രസംഗവും കഴിഞ്ഞതിന് ശേഷം പ്രവർത്തകർ പിരിഞ്ഞ് പോയി. അതിനിടയിൽ സമീപത്തെ കടയുടെ മുകളിൽ നിന്നും ഒരു യുവാവ് പ്രതിഷേധ മാർച്ച് വീഡിയോവിൽ പകർത്തുന്നത് സംഘപരിവാർ സംഘടനാ പ്രവർത്തകർ തടയാൻ ശ്രമിച്ചു. ഇവരെ പൊലീസ് തടഞ്ഞു. തുടർന്ന് അര മണിക്കൂറോളം പൊലീസുമായി ഉന്തും തള്ളും നടന്നു. ഏതാനും പ്രവർത്തകരെ പൊലീസ് പിടികൂടി കണ്ണപുരം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇതിൽ പ്രതിഷേധിച്ച് കീച്ചേരി ദേശീയ പാത തടഞ്ഞ് പ്രവർത്തകർ പ്രതിഷേധിച്ചു. രാത്രി ഏഴരയോടെ പ്രവർത്തകരെ വിട്ടയച്ചതിന് ശേഷമാണ് സംഘപരിവാർ പ്രവർത്തകർ പിരിഞ്ഞുപോയത്.