lottery
ലോട്ടറി

കാസർകോട്: കേരള സർക്കാരിന്റെ സമാന്തര ലോട്ടറി ടിക്കറ്റുകൾ ഓൺലൈനിൽ കച്ചവടം പൊടിപൊടിക്കുന്നത് ഏജന്റുമാരുടെ ലോട്ടറി കൗണ്ടറുകൾ വഴിയുള്ള ടിക്കറ്റ് വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നു.

ഓൺലൈൻ മുഖേനയുള്ള കേരള സർക്കാരിന്റെ സമാന്തര ലോട്ടറി ടിക്കറ്റ് വില്പന നടത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമായിട്ടും അതു തടയാൻ സർക്കാർ നിയമം കൊണ്ടുവരാത്തത്, ഇതിനെതിരേ കർശന നടപടികൾ എടുക്കാൻ പൊലീസിനും സൈബർ സെല്ലിനും സാധിക്കുന്നുമില്ല. പരാതിയുമായി സൈബർ സെല്ലിനെ സമീപിക്കുന്ന ലോട്ടറി ഏജന്റുമാരോടും സംഘടനാ ഭാരവാഹികളോടും അന്വേഷണ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. സർക്കാർ വ്യക്തമായ നിയമം കൊണ്ടുവരാത്തതിനാൽ നിസഹായരാണെന്നാണ് സൈബർ സെൽ അധികാരികൾ പറയുന്നത്. വ്യാജ ഓൺലെൻ ടിക്കറ്റ് വിൽപ്പന പിടിച്ചാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിടും. കോടതിയിൽ പോയി 250 രൂപ പിഴയടച്ചാൽ വീണ്ടും കച്ചവടം തകൃതിയായി തുടരാം.

ഓൺലൈൻ ലോട്ടറി

കേരള ലോട്ടറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പർ ഓണലൈനിൽ പോസ്റ്റ് ചെയ്യും. ടിക്കറ്റ് സെറ്റുകളായി തിരിച്ചാണ് കച്ചവടം. ഒരു സെറ്റ് ടിക്കറ്റിൽ 12 സീരിയലുകളുടെ ഒരേ നമ്പറിലുള്ള 12 ടിക്കറ്റുകളാണ് ഉണ്ടാവുക. 480 രൂപയാണ് സെറ്റിന്റെ വില. 30 രൂപ ഇളവ് കഴിച്ച് 450 രൂപയ്ക്ക് ടിക്കറ്റ് വിൽക്കും. ഈ ടിക്കറ്റുകളുടെ നാലക്ക നമ്പർ ഓൺലൈനിലാകുമ്പോൾ ആവശ്യപ്പെടുന്ന നൂറുകണക്കിന് ആളുകൾക്ക് പോസ്റ്റ് ചെയ്തു കൊടുക്കാം. ആകെയുണ്ടാവുക ഒരു സെറ്റ് ടിക്കറ്റ് ആയിരിക്കും. 100 പേർക്ക് അയച്ചു കൊടുത്താൽ 45,000 രൂപ ഒറ്റയടിക്ക് അടിച്ചെടുക്കും. സമ്മാനം അടിച്ചാൽ മാത്രമാണ് തുക നൽകേണ്ടിവരുന്നത്.

വ്യാജ ടിക്കറ്റ് വിൽപ്പനയ്ക്ക് ആപ്പുകളും

ഗൂഗിൾ പ്ളേ സ്റ്റോറിലുള്ള രണ്ട് ആപ്പുകൾ വഴി വ്യാജ ഓൺലൈൻ കച്ചവടം നടത്തുന്നതായ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബംഗളൂരു ആസ്ഥാനമായ സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സെക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ട് അപ്പുകൾക്കും 10 ലക്ഷം വീതം ഡൗൺലോഡുകളുണ്ട്. കാരുണ്യ, വിൻ- വിൻ, നിർമ്മൽ, അക്ഷയ എന്നീ പേരുകളിൽ തന്നെയാണ് വ്യാജ ലോട്ടറിയും. ആയിരകണക്കിന് ഫോളോവേഴ്സ് ഉള്ള യുട്യൂബ്, ഫെയ്‌സ്ബുക്ക് പേജുകൾ വഴിയാണ് ഈ ആപ്പുകൾ പ്രചരിക്കുന്നതെന്നും കണ്ടെത്തി. വ്യാജ വായ്പാ അപ്പുകളുമായും ഇതിന് ബന്ധമുണ്ടെന്ന് പറയുന്നു.

സമാന്തര ഓൺലൈൻ ലോട്ടറി കച്ചവടം തടയാൻ നിയമം കൊണ്ടുവരാൻ വർഷങ്ങളായി ഏജന്റുമാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ മടിക്കുകയാണ്. നാലക്ക നമ്പർ കച്ചവടത്തെ തുടർന്ന് ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും നടന്നു വിൽപ്പന നടത്തുന്നവരിൽ നിന്നും ടിക്കറ്റുകൾ വാങ്ങുന്നത് കുറഞ്ഞുവരികയാണ്.

-ഗണേഷ് പാറക്കട്ട ( കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ്)