
ശമ്പളനിഷേധത്തിൽ പ്രതിഷേധം കടുപ്പിച്ചു
കണ്ണൂർ: ഏഴുമാസത്തെ ശമ്പളകുടിശികയ്ക്കായി പ്രതിഷേധത്തിലേക്ക് കടന്ന് ജില്ലയിലെ വനം വാച്ചർമാർ. ഫോറസ്റ്റ് വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ 21 മുതൽ കണ്ണൂർ ഡി.എഫ് ഓഫിസിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരം അവസാനിപ്പിക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ നൽകിയ വാഗ്ദാനമാണ് ഇപ്പോഴും പാലിക്കപ്പെടാതെ കിടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ശമ്പളക്കുടിശിക നൽകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാഗ്ദാനം.
ഇതെ ആവശ്യമുന്നയിച്ച് കഴിഞ്ഞ 12ന് ഇരിട്ടിയിൽ വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിന് മുന്നിൽ സൂചനാപണിമുടക്ക് നടത്തിയ ശേഷമാണ് ഡി.എഫ് ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയത്.
ജില്ലയിൽ വാച്ചർമാർ ആകെ 97
കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് -62
ആറളം വന്യജീവി സങ്കേതം 35
ജീവൻ കൈയിൽ പിടിച്ച് ജോലി;
ശമ്പളത്തിനായി കെഞ്ചണം
ജില്ലയിൽ കണ്ണൂർ വനം ഡിവിഷനിൽ കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് റേഞ്ചുകളിലായി 62 വാച്ചർമാരും ആറളം വന്യജീവി സങ്കേതം പരിധിയിൽ 35 വാച്ചർമാരുമാണ് ജോലി ചെയ്യുന്നത്. കാട്ടാനകളുടെ വിഹാരകേന്ദ്രമായ ആറളം ഫാമിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ കൂടിയാണ് വാച്ചർമാർ.
കഴിഞ്ഞ വർഷവും ഓണക്കാലത്ത് വാച്ചർമാർ ശമ്പളം നൽകാത്തതിൽ കടുത്ത പ്രതിഷേധമുയർന്നിരുന്നു.
ചുമതലകൾ
ഡ്രൈവിംഗ്
ഓഫീസ് പ്രവർത്തനം
നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കൽ
നായാട്ട് , കാട്ടുതീ , വനം കൈയേറ്റം , വനം കൊള്ള തടയൽ
തൊഴിൽ ദിനങ്ങൾ വെട്ടിച്ചുരുക്കുന്നു
വാച്ചർമാർക്ക് 26 തൊഴിൽ ദിനങ്ങൾ നൽകണമെന്ന നിർദേശവും പാലിക്കപ്പെടുന്നില്ല. 30 ദിവസം ജോലി ചെയ്യുന്ന വാച്ചർമാർക്ക് മിക്കയിടത്തും മസ്റ്റർ റോളിൽ രേഖപ്പെടുത്തുന്നത് 15 മുതൽ 20 ദിവസത്തെ ശമ്പളം മാത്രമായിരിക്കും. ഫണ്ട് കുറവെന്നാണ് ഇതിന് അധികൃതരുടെ ന്യായം. ജോലി ചെയ്താലും വൗച്ചറിൽ ഒപ്പിടീക്കില്ല. റവന്യൂ സ്റ്റാമ്പിൽ ഒപ്പിട്ട് വാങ്ങുകയാണ് പതിവ്. ചെയ്യുന്ന ജോലിക്ക് മിക്കവർക്കും കൈയിൽ കിട്ടുക പകുതിയിലും താഴെ ശമ്പളം മാത്രം. നിർബന്ധമായി 30 ദിവസവും ജോലി ചെയ്യേണ്ട ആന വാച്ചർമാർക്ക് പത്ത്, പതിനഞ്ച് ദിവസത്തെ ശമ്പളം മാത്രമെ നൽകാറുള്ളൂ. ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ പോലുമില്ല.
എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ ആനതുരത്തൽ നടപടിയുമായി സഹകരക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്. വാച്ചർമാർ സഹകരിച്ചില്ലെങ്കിൽ ജനവാസമേഖലയിൽ ഇറങ്ങുന്ന ആനകളെ തുരത്തി കാട് കയറ്റുന്നത് പ്രതിസന്ധിയിലാകും. ജനുവരിയിലാണ് തൊഴിലാളികൾക്ക് അവസാനമായി ശമ്പളം കിട്ടിയത്. അധികൃതരുടെ ഉറപ്പന്മേൽ ഇനിയും കൂലിയില്ലാതെ ജോലിചെയ്യാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് തൊഴിലാളികൾ.യു. സഹദേവൻ, ജില്ലാ സെക്രട്ടറി, ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ