sportsday
ഇന്ന് ദേശീയ കായികദിനം

കണ്ണൂർ: കായിക മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ച, 60 കോടി ചിലവിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ ജില്ലയിലെ കായിക പ്രേമികൾ. കഴിഞ്ഞ പതിനൊന്നിന് കല്യാശേരി മണ്ഡലത്തിലെ നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയത്. ജില്ലയിലെ തിരഞ്ഞെടുക്കുന്ന മണ്ഡലത്തിലായിരിക്കും സ്റ്റേഡിയം നിർമ്മിക്കുക. ജില്ലയിലെ കായിക പ്രേമികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നൽകുന്ന പ്രഖ്യാപനമാണെങ്കിലും വെറും പ്രഖ്യാപനം മാത്രമാകുമോ എന്ന ആശങ്കയും കായിക മേഖലയിലുള്ളവർ പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുവാനുള്ള സൗകര്യം ജില്ലയിൽ ലഭ്യമാണോ എന്ന ചോദ്യമാണ് ഒരു വിഭാഗം ഉന്നയിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയത്തിനോടൊപ്പം എല്ലാ പഞ്ചായത്തിലും കളിക്കളം നിർമ്മിക്കുവാനും 2025നുള്ളിൽ കായിക മേഖലയിൽ 10,000 തൊഴിൽദിനങ്ങൾ കൊണ്ടുവരാനും ലക്ഷ്യമിട്ടുകൊണ്ടാണ് മന്ത്രി പദ്ധതി മുന്നോട്ടുവച്ചത്.

എട്ട് വർഷത്തിനിടയിൽ 2000 കോടി രൂപ കേരളത്തിലെ കായികമേഖലയിൽ സർക്കാർ ചിലവഴിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ജില്ലയിലെ ജവഹർലാൽ സ്റ്റേഡിയം ഉൾപ്പെടെയുള്ളവ ഏറെകാലത്തെ പോരാട്ടങ്ങൾക്കൊടുവിലാണ് നവീകരിച്ചത്.

പരിപാലനമില്ലാതെ മുണ്ടയാട്

ഇൻഡോർ സ്റ്റേഡിയം

പുതിയ സ്റ്റേഡിയം പ്രഖ്യാപിക്കുമ്പോഴും 41 കോടി ചിലവഴിച്ചു കൊണ്ട് നിർമ്മിച്ച മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിലവിലുള്ള അവസ്ഥ തിരിച്ചറിയേണ്ടതാണ്. 2015 ദേശീയ ഗെയിംസിന് കണ്ണൂരും വേദിയായപ്പോൾ ലഭിച്ചതാണ് മുണ്ടയാട് സ്റ്റേഡിയം. രാജ്യാന്തര നിലവാരത്തിൽ 60 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ള കോർട്ടും വിദേശനിർമ്മിത വുഡൻ ഫ്ലോറിംഗും 3000 പേർക്കിരുന്നു കളികാണാനുള്ള ഗാലറിയും നശിക്കാൻ ഇടയായത് മേൽക്കൂരയുടെ ചോർച്ച മൂലമായിരുന്നു. സ്റ്റേഡിയത്തോട് ചേർന്ന് ലക്ഷങ്ങൾ മുടക്കി, കായികതാരങ്ങൾക്കു വേണ്ടി പണിത വാം ആപ്പ് ഏരിയയുടെ മേൽക്കൂരയും ലൈറ്റുകളും രണ്ടു തവണ തകർന്നു വീണു. പുതിയ കളിക്കളങ്ങൾ പ്രഖ്യാപിക്കുമ്പോൾ നിലവിലുള്ളവ നശിക്കുന്നതും അധികൃതർ തിരിച്ചറിയണം.