പയ്യന്നൂർ: ഖാദി തൊഴിലാളികൾക്ക് കുടിശികയായിട്ടുള്ള ആനുകൂല്യങ്ങൾ നൽകുവാൻ ഫണ്ട് ഇനിയും അനുവദിച്ചില്ലെങ്കിൽ ഓണം ആഘോഷിക്കാനാകാതെ തൊഴിലാളികൾ പ്രയാസത്തിലാകുമെന്ന് പരാതി. കുടിശികയായ മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ് വാക്കായിരിക്കുകയാണ്. തൊഴിലാളികളുടെ മിനിമം കൂലി കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാൻ ആവശ്യമായ ഫണ്ട് ഉടൻ അനുവദിച്ചില്ലെങ്കിൽ സെപ്റ്റംബർ 3 ന് പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മുൻപിലും തുടർന്ന് മറ്റ് കേന്ദ്രങ്ങളിലും അനിശ്ചിതകാല സമരം തുടങ്ങുവാൻ, കേരള സ്‌റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയൻ (ഐ.എൻ.ടി.യു.സി.) ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
കുടിശികയായ മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്ന് നേരത്ത പ്രഖ്യാപിച്ച സമരം മാറ്റിവച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും നടപടിയൊന്നും ഇല്ലാത്തത് കൊണ്ടാണ് വീണ്ടും സമരം തുടങ്ങുന്നതെന്ന് യൂനിയൻ വ്യക്തമാക്കി. 15 മാസം മുതൽ 18 മാസം വരേയുള്ള മിനിമം കൂലിയും ഉൽപാദന ബോണസും ഉത്സവബത്ത തുടങ്ങിയ ആനുകൂല്യങ്ങളും നൽകുവാനുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് കെ.പി.കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി എൻ.ഗംഗാധരൻ, വൈസ് പ്രസിഡന്റ് ടി.വി.കുഞ്ഞിരാമൻ, ട്രഷറർ ഇ.എൻ.പത്മാവതി, ടി.ജനാർദ്ദനൻ, ചന്തുക്കുട്ടി പൊഴുതല, സെക്രട്ടറിമാരായ പി.വി.സുകുമാരൻ, സി.കെ.വിനോദ് കുമാർ, വി.കെ.ഉഷ, കെ.വി.ബിന്ദു സംസാരിച്ചു.