endo
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലെ അമ്മമാര്‍ക്ക് വേണ്ടി വനിതാ കമ്മീഷന്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പബ്ലിക് ഹിയറിങ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു.

കാസർകോട്: എൻഡോസൾഫാൻ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച് സർക്കാറിന് റിപ്പോർട്ട് നൽകുമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിലെ അമ്മമാർക്ക് വേണ്ടി വനിതാ കമ്മിഷൻ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചർച്ചയിൽ ഉരിതിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ടാണ് സർക്കാരിന് നൽകുക. എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിൽ സർക്കാർ നടത്തിയ പദ്ധതികളുടെ നിലവിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചും ദുരിതബാധിതരായ കുട്ടികളെ സംരക്ഷിക്കുന്ന അമ്മമാരുടെ ക്ഷേമം സംബന്ധിച്ചുമുള്ള ചർച്ചയാണ് പബ്ലിക് ഹിയറിംഗിലൂടെ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ പ്രത്യേക വിഷയങ്ങൾ മുൻനിർത്തി വിവിധ ജില്ലകളിൽ പബ്ലിക് ഹിയറിംഗുകൾ നടത്തിവരുന്നത്. തൊഴിലിടങ്ങളിലെയും സാമൂഹ്യ ജിവിതങ്ങളിലെയും എല്ലാം വിഷയങ്ങൾ പ്രത്യേകം പബ്ലിക് ഹിയറിംഗുകളായി തിരഞ്ഞെടുത്ത് പഠിച്ച് റിപ്പോർട്ട് സർക്കാറിന് നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് കഴിഞ്ഞ വർഷം ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.

എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ അമ്മമാർക്ക് വൈദ്യ പരിശോധനാ ക്യാമ്പുകൾ, ആഴ്ചയിൽ വീടുകളിൽ വന്നുപോകുന്ന കൗൺസിലർമാരുടെ സേവനം, ബഡ്സ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി കാര്യക്ഷമമാക്കൽ തുടങ്ങി വിവിധ നിർദ്ദേശങ്ങൾ സർക്കാറിന് നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു. സെൻട്രലൈസ്ഡ് പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ, പുനരധിവാസ കേന്ദ്രം, എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ രക്ഷിതാക്കളുടെ കടം എഴുതി തള്ളണം, ദുരിതബാധിതരുടെ കുടുംബത്തിലെ ഒരു അംഗത്തിന് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് സർക്കാർ ജോലി നൽകണം, ബഡ്സ് സ്‌കൂളുകളിൽ തെറാപിസ്റ്റുകളുടെ സേവനം ഉറപ്പാക്കണം, പെൻഷൻ വിതരണം സുഗമമാക്കണം, മരുന്ന് വിതരണം മുടങ്ങരുത് തുടങ്ങി വിവിധ ആവശ്യങ്ങളാണ് ദുരിത ബാധിതമേഖലയിലെ സ്ത്രീകളുടെ പ്രതിനിധികൾ അറിയിച്ചത്. പബ്ലിക് ഹിയറിംഗിൽ വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ അദ്ധ്യക്ഷത വഹിച്ചു. എൻഡോസൾഫാൻ സെൽ ഡെപ്യൂട്ടി കളക്ടർ പി.സുർജിത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസർ ആര്യ പി. രാജ് എന്നിവർ സർക്കാർ നൽകുന്ന വിവിധ പദ്ധതികൾ വിശദീകരിച്ചു. കേരള വനിതാ കമ്മിഷൻ റിസർച്ച് ഓഫീസർ എ.ആർ അർച്ചന ചർച്ച നയിച്ചു.