കാസർകോട്: മംഗളൂരുവിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ തമ്മിൽ പുതിയ അദ്ധ്യയന വർഷത്തിലെ ക്ലാസുകൾ തുടങ്ങിയ സമയത്ത് ട്രെയിനിൽ വഴക്കുകളും സംഘർഷങ്ങളും നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വൈകിട്ട് നാലര മണിമുതൽ അഞ്ചുമണിവരെ മംഗളൂരുവിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ആർ.പി.എഫ് ബോധവൽക്കരണ ക്ലാസ് നടത്തി. മംഗളൂരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇൻസ്പെക്ടർ അക്ബർ അലിയുടെ നേതൃത്വത്തിലാണ് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്ഫോമിൽ ബോധവത്കരണ ക്യാമ്പയിൻ നടത്തിയത്. കോളേജുകൾക്ക് അകത്തും പുറത്തും, റെയിൽവേ സ്റ്റേഷൻ പരിസരം, ട്രെയിനുകൾ എന്നിവിടങ്ങളിലെല്ലാം ജൂനിയർ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഏതുതരം പ്രവൃത്തികളും റാഗിംഗിന്റെ പരിധിയിൽ വരുമെന്നും, ആയതിന്റെ നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദികരിച്ച് നൽകുകയുണ്ടായി. ബോധവത്ക്കരണ ക്യാമ്പയിനിൽ മംഗളൂരു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അസി.സബ് – ഇൻസ്പെക്ടർ പ്രമോദ്, കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജികുമാറിന്റെ നിർദ്ദേശപ്രകാരം സിവിൽ പൊലീസ് ഓഫീസർ ശ്യാംകുമാറും പങ്കെടുത്തു. ക്യാമ്പയിനിൽ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.