chchaji-ward
സി.പി.എം സൊസൈറ്റിക്ക് ബാങ്ക് നിർമ്മിക്കാനായി പൊളിച്ചുപണിയുന്ന ചാച്ചാജി വാർഡ്

പരിയാരം: പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കാമ്പസിനകത്തെ കെട്ടിടങ്ങളിൽ വ്യാപകമായി കൈയേറ്റം നടക്കുന്നതായി എച്ച്.ഡി.എസ് അംഗം അഡ്വ. രാജീവൻ കപ്പച്ചേരി. പാംകോസ് എന്ന സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനത്തിന് കാന്റീൻ നടത്താൻ മുൻ ഭരണസമിതി അംഗീകാരം നൽകിയതിന്റെ പേരിൽ കാമ്പസിനകത്തെ പല സ്ഥലങ്ങളും കെട്ടിടങ്ങളും കൈയേറി ഏഴിടങ്ങളിലായി പാംകോസിന്റെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി രാജീവൻ കപ്പച്ചേരി പറഞ്ഞു. ഇപ്പോൾ 1960 ൽ കേരള ഗാന്ധി കെ.കേളപ്പൻ നിർമ്മിച്ച് തുറന്നുകൊടുത്ത ചാച്ചാജി വാർഡ് എന്ന ചരിത്രമുറങ്ങുന്ന കെട്ടിടം മൊത്തമായി എച്ച്.ഡി.എസിന്റെയോ അതിന്റെ ചെയർമാനായ കളക്ടറുടേയോ അനുമതിയില്ലാതെ സഹകരണ ബാങ്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്.

സർക്കാർ ഏറ്റെടുക്കപ്പെട്ട സ്ഥാപനമെന്ന നിലയിൽ സർക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ അംഗീകാരമോ അനുമതിയോ ഇല്ലാതെ പാംകോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്വമേധയാ മൊത്തം പൊളിച്ച് പ്രസ്തുത സ്ഥാപനത്തിന്റേതുൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിച്ച് പുതുക്കി പണിത് ബാങ്കിനായി ഉപയോഗിക്കുവാനായി ത്വരിതഗതിയിൽ രാപ്പകൽ പണി നടക്കുകയാണ്. മെഡിക്കൽ കോളേജിലെ എഞ്ചിനീയറിംഗ് വിഭാഗമോ പി.ഡബ്‌ള്യു.ഡിയോ അറിയാതെയാണ് ഇതൊക്കെ നടക്കുന്നത്. നേരത്തെ പ്രിസണേഴ്സ് വാർഡിനായി പരിഗണിച്ച കെട്ടിടമാണിത്. മരുന്ന് സൂക്ഷിക്കാൻ പോലും സൗകര്യമില്ലാത്ത മെഡിക്കൽ കോളേജിൽ തികച്ചും രാഷ്ട്രീയ ലാക്കോടെ സ്ഥാപനം നടത്താൻ വേണ്ടി അനധികൃതമായി വിട്ട് കൊടുക്കാനുള്ള നീക്കം പുന:പരിശോധിക്കാനും നിർമ്മാണം തടയാനുമുള്ള നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാജീവൻ കപ്പച്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ ഭൂമി കെ.കരുണാകരന്റെയും കെ.സുധാകരന്റെയും എം.വി.രാഘവന്റെയും തറവാട്ട് സ്വത്താക്കുകയാണെന്നാരോപിച്ച് സമരം ചെയ്ത സി.പി.എം ഇപ്പോൾ മെഡിക്കൽ കോളേജിന്റെ സ്ഥലം മുഴുവൻ കൈയേറുന്ന നിലയിലാണെന്നും രാജീവൻ കപ്പച്ചേരി ആരോപിച്ചു. മാടായി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.രാജൻ, കടന്നപ്പള്ളി പാണപ്പുഴ മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


പൊളിക്കുന്നത് കെ.കേളപ്പൻ നിർമ്മിച്ചുനൽകിയ വാർഡ്.

പരിയാരം ടി.ബി സാനിട്ടോറിയത്തിൽ കുട്ടികൾക്കായി പ്രത്യേകം വാർഡ് ഇല്ലാത്തത് മനസിലാക്കിയ സ്വാതന്ത്ര്യസമര സേനാനി കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ.കേളപ്പൻ നിർമ്മിച്ച് സർക്കാറിലേക്ക് സംഭാവന ചെയ്ത ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മക്കായി ചാച്ചാജി വാർഡ് എന്ന് പേരിട്ട കെട്ടിടമാണ് സി.പി.എം നിയന്ത്രണത്തിലുള്ള പാംകോസ് കൈയടക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. കെട്ടിടം മുഴുവൻ ഏറ്റെടുത്ത് പൊളിച്ച് പണിതുകൊണ്ടിരിക്കയാണിപ്പോൾ. 1971 ൽ കെ.കേളപ്പൻ മരണപ്പട്ടപ്പോൾ ഈ കെട്ടിടം കെ.കേളപ്പന്റെ സ്മാരകമായി നിലനിർത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.