നീലേശ്വരം: നഗരസഭയിലെ 32 ാം വാർഡിൽ നീലേശ്വരം പൊലീസ് സ്റ്റേഷൻ മതിലിനകത്തുള്ള അപകടഭീഷണി ഉയർത്തുന്ന മരക്കൊമ്പുകൾ മുറിച്ച് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊള്ളുന്നില്ല. പൊലീസ് സ്റ്റേഷൻ മതിലിന്റെയും സ്വകാര്യ വ്യക്തികളുടെ മതിലിന്റെയും ഇടവഴിയിൽക്കൂടിയാണ് തൊട്ടടുത്ത അങ്കണവാടിയിലേക്ക് കുട്ടികൾ നടന്നു പോകുന്നത്. കാറ്റും മഴയും വരുന്ന സമയങ്ങളിൽ രക്ഷിതാക്കൾ ഭീതിയോടെയാണ് കുട്ടികളെ ഇതുവഴി കൊണ്ടു പോകുന്നത്.
ഇപ്പോൾ തന്നെ മര ക്കൊമ്പുകൾ ഏത് നിമിഷവും പൊട്ടിവീഴാൻ പാകത്തിൽ നിൽക്കുകയാണെന്നാണ് പരാതി. മന്ദം പുറം റോഡിൽ നിന്ന് ദേശീയ പാതയിലേക്ക് നടന്നു വരുന്ന കാൽനട യാത്രക്കാരും ഇതേ വഴിയിൽ കൂടിയാണ് നടന്നുവരുന്നത്. ഏത് നിമിഷവും അപകടം വരുത്തിവെക്കുന്ന മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് സമീപത്തെ സ്വകാര്യ വ്യക്തി നഗരസഭക്ക് കത്ത് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി അപകടം വരുത്തി വെക്കുന്ന മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് അധികാരികൾക്ക് കത്ത് കൈമാറിയെങ്കിലും തുടർ നടപടിയില്ലെന്നാണ് പരാതി.
വാർഡ് സഭയിലും ചർച്ചയായി
വാർഡ് സഭ യോഗങ്ങളിലും വിഷയം ചർച്ച ചെയ്തിരുന്നു. വാർഡ് കൗൺസിലറും മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. അങ്കണവാടി കുട്ടികളുടെ രക്ഷിതാക്കൾ അപകടം വരുത്തി വെക്കുന്ന മരം മുറിച്ച് മാറ്റുന്നത് വരെ കുട്ടികളെ അങ്കണവാടിയിലേക്ക് അയക്കുന്ന കാര്യം പുനരാലോചിക്കുമെന്നും അറിയിച്ചിരിക്കുകയാണ്. അപകടം വരാൻ കാത്ത് നിൽക്കുകയാണോ അധികൃതർ എന്നാണ് പരിസരവാസികളും ചോദിക്കുന്നത്.