കണ്ണൂർ: പയ്യാമ്പലം ശ്മശാനവുമായി ബന്ധപ്പെട്ട് വൻ അഴിമതി നടക്കുന്നതായി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ്. 'കൈക്കൂലി" എന്നെഴുതിയ ഒരു നോട്ട്ബുക്ക് പയ്യാമ്പലത്ത് നിന്നും ലഭിച്ചുവെന്നും ഇതിൽ അഞ്ച് ലക്ഷത്തോളം രൂപ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി.രാജേഷ് കൈപ്പറ്റിയെന്നുമാണ് ആരോപണം. ശ്മശാനം ജീവനക്കാർ 13 ലക്ഷത്തോളം രൂപ കോർപ്പറേഷനിലേക്ക് അടക്കാതെ ദിവസങ്ങളോളം കൈയിൽ വച്ചുവെന്നും വിറക്, ചിരട്ട എന്നിവ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ യാതൊരും രജിസ്റ്ററും സൂക്ഷിച്ചിട്ടില്ലെന്നും പി.കെ.രാഗേഷ് പറഞ്ഞു. എന്നാൽ ആരോപണം എം.പി.രാജേഷ് തള്ളി. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കള്ളക്കഥയുണ്ടാക്കുകയാണെന്നും കള്ളരേഖയുണ്ടാക്കാൻ ഒരു പണിയും ഇല്ലെന്നും രാജേഷ് പ്രതികരിച്ചു. ആരോപണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് രാഗേഷിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം.
തദ്ദേശവകുപ്പ് മന്ത്രി എം.പി.രാജേഷിന്റെ നേതൃത്വത്തിൽ അടുത്തമാസം രണ്ടിന് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട് രൂക്ഷമായ ഭരണ- പ്രതിപക്ഷ ബഹളവുമുണ്ടായി. അദാലത്തിനെ കുറിച്ച് ജനങ്ങളിലേക്ക് വേണ്ട വിധത്തിലുള്ള അവബോധം ഉണ്ടാക്കാൻ കോർപ്പറേഷന് സാധിച്ചിട്ടില്ലെന്നും സർക്കാർ പരിപാടികളോട് മുഖം തിരിക്കുന്ന സമീപനം ജനങ്ങളെ കൂടി ബാധിക്കുകയാണെന്നും പ്രതിപക്ഷ കൗൺസിലർ എൻ.സുകന്യ പറഞ്ഞു. നികുതി, സാമൂഹിക സുരക്ഷാ പെൻഷൻ, ആസ്തി മാനേജ്‌മെന്റ്, ഗുണഭോക്തൃ പദ്ധതികൾ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന 11 വിഷയങ്ങളിലുള്ള പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
പരാതികൾ ഓൺലൈനായി നൽകാൻ അഞ്ചുദിവസത്തെ സമയമാണ് നൽകിയത്. ഈ സമയം അവസാനിച്ചു. എന്നാൽ അദാലത്തിനെ കുറിച്ച് അറിയാത്തതിനാൽ പലർക്കും അപേക്ഷ നൽകാൻ സാധിച്ചില്ലെന്നും അദാലത്ത് പരാജയപ്പെടുത്താൻ മനഃപൂർവം ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. പത്രങ്ങളിലൂടെയും വാട്ടസ്ആപ് ഗ്രൂപ്പുകളിലൂടെയും അല്ലാതെയും അദാലത്തിനെ കുറിച്ച് ജനങ്ങളിലെത്തിച്ചിട്ടുണ്ടെന്ന് കൗൺസിലർ ടി.ഒ മോഹനൻ പറഞ്ഞു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, പി.ഷമീമ എന്നിവരും സംസാരിച്ചു.
മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയം ശോചനീയാവസ്ഥയിൽ
മന്ത്രിയുടെ നേതൃത്വത്തിൽ അദാലത്ത് നടക്കുന്ന മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയം ശോചനീയാവസ്ഥയിലാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഷാഹിനാ മൊയ്തീൻ ചൂണ്ടിക്കാട്ടി. സ്റ്റേഡിയം സ്‌പോർട്സ് കൗൺസിൽ കൈയടക്കി വച്ചിരിക്കുകയല്ലാതെ ഇവിടെ യാതൊരു ശുചീകരണ പരിപാടികളും നടക്കുന്നില്ല. സ്റ്റേഡിയം കാടുകയറി ഇഴജീവികളുടെ വിഹാര കേന്ദ്രമായി മാറി. കഴിഞ്ഞ മൂന്ന് ദിവസമായി കോർപറേഷൻ ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് ഇവിടെ ശുചിയാക്കുകയാണെന്നും സ്‌റ്റേഡിയം നവീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ അദാലത്ത് സംഘടിപ്പിച്ചതെന്നും ഭരണപക്ഷം ആരോപിച്ചു.
സ്‌പോർട്സ് കൗൺസിലിനെ രക്ഷപ്പെടുത്താനും മന്ത്രിക്ക് നിവേദനം നൽകണം. കക്കാട് സ്വിമ്മിംഗ് പൂളിന്റെ അവസ്ഥ എല്ലാവർക്കും അറിയാം. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ അദാലത്ത് വച്ചത് കോർപ്പറേഷൻ ജീവനക്കാരെ വച്ച് പരിസരം വൃത്തിയാക്കാൻ വേണ്ടിയാണ്.
സുരേഷ് ബാബു എളയാവൂർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ