daily

കണ്ണൂർ: കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ അസി.എക്സൈസ് ഇൻസ്പെക്ടർ പി.സി പ്രഭുനാഥിന്റെ ലഹരിവിരുദ്ധ ഏകപാത്ര നാടകം 150 വേദികൾ പിന്നിട്ടു. കഴിഞ്ഞ പതിനാറു വർഷമായി വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവത്കരണ മുഖമാണ് ഈ ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ഞായറാഴ്ച‌ ആദികടലായി ഗ്രാമിക ചാരിറ്റബിൾ ട്രസ്റ്റ‌ിന്റെ സാംസ്‌കാരിക സദസ്സിൽ നാടകം എത്തുന്നത് അതിന്റെ 151-ാമത് വേദിയിലേക്കാണ്. വിമുക്തി ക്യാമ്പയിനിന്റെ ഭാഗമായി 2019ലായിരുന്നു ആദ്യ അവതരണം. അഞ്ചുവർഷത്തിനിടെ സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലായിരുന്നു കൂടുതലും അവതരിപ്പിക്കപ്പെട്ടത്. ലഹരിക്കടിമയായി മകൻ മാനസികനില തെറ്റിയതോടെ തകർന്നുപോയ അച്ഛനിലൂടെയാണ് നാടകത്തിന്റെ ആഖ്യാനം. സ്വപ്നേഷ് ബാബു രചിച്ച നാടകത്തിന് യുവ നാടക-സിനിമാ സംവിധായകൻ ജിജു ഒറപ്പടിയാണ് രംഗഭാഷ ഒരുക്കിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ വി.പി.സിജിലും സി എച്ച്.റിഷാദുമാണ് സംഗീതനിയന്ത്രണം.

അഭിനയവേദിയിൽ 27 വർഷം

ചെറുകുന്ന് കവിണിശേരി വയൽ സ്വദേശിയായ പ്രഭുനാഥ് 27 വർഷമായി അഭിനയ രംഗത്ത് ഉണ്ട്. ചെറുകുന്ന് - കണ്ണപുരം പുരോഗമന കലാസമിതിയുടെയും കവിണിശേരി ജനകീയ കലാസിമിതിയുടെയും നാടകങ്ങളിൽ സജീവസാന്നിധ്യമാണ്. എക്സൈസ് വകുപ്പ് രണ്ടായിരത്തിലധികം വേദികളിൽ അവതരിപ്പിച്ച 'വരല്ലേ ഈ വഴിയേ" എന്ന ലഹരി വിരുദ്ധ നാടകത്തിലും പ്രധാന വേഷമായിരുന്നു ഇദ്ദേഹത്തിന്. കേരള സംഗീത നാടക അക്കാഡമിയുടെ സഹായത്തോടെ കവിണിശ്ശേരി ജനകീയ കലാസമിതി ഒരുക്കിയ 'പൊക്കനി"ലെ ജന്മി, അലാവുദിനും അത്ഭുത വിളക്കും നാടകത്തിലെ ജിന്ന്, സൈലെൻസിലെ ജ്യേഷ്ഠൻ, എന്താതിലെ അച്ഛൻ , സീത യിലെ തീവ്രവാദി, ആരവങ്ങൾക്കപ്പുറത്തിൽ ഭ്രാന്തൻ, രാജ്യദ്രോഹിയുടെ അമ്മ നാടകത്തിലെ ഏകാധിപതി എന്നീ വേഷങ്ങളും പ്രഭുനാഥ് ഉജ്വലമാക്കിയിട്ടുണ്ട്. സംസ്ഥാന എക്സൈസ് കലാമേളയിൽ നാല് തവണ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നിരവധി തെരുവുനാടകങ്ങളിലും വേഷമിട്ടു. ഭാര്യ: കൃപ. മകൾ നിരഞ്ജന.