ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ ഇന്നലെ നടത്തിയ വ്യാപകമായ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ആറളം വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിൽ ആറളം, കണ്ണൂർ ഡിവിഷനുകളിലെ ജീവനക്കാർ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. നാല് ടീമുകളായി ആറളം വന്യജീവി സങ്കേതത്തിലെ വളയംചാൽ, പുക്കുണ്ട്, ചീങ്കണ്ണിപ്പുഴയോരം, ആറളം ഫാമുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങൾ എന്നിവിടങ്ങളിൽ തെരച്ചൽ നടന്നു. പരിശോധനയിൽ കൂടുതൽ കുരങ്ങുകളുടെ ജഡം കണ്ടെത്തുകയോ അസ്വാഭാവികമായ തരത്തിലുള്ള കുരങ്ങുകളെ കാണുകയോ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചത്ത കുരങ്ങുകളുടെ സാമ്പിളുകൾ വയനാട് വന്യജീവി സങ്കേതത്തിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.