പരിയാരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ച ശേഷം കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ അനുവദിച്ച കൗണ്ടറിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.ഷീബ ദാമോദർ നിർവ്വഹിച്ചു. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് എന്നിവർ സംസാരിച്ചു. ഇപ്പോൾ കാരുണ്യ ഫാർമസുകളിലൂടെ വിതരണം ചെയ്യുന്ന 247 ഇനം മരുന്നുകളാണ് സീറോ പ്രോഫിറ്റ് കൗണ്ടറുകളിലൂടെ നൽകുന്നത്.കോഴിക്കോട് മെഡിക്കൽ കോളേജ്, മാനന്തവാടി ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലും കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.