കൊച്ചി:പാനൂരിലെ സി.പി.എം പ്രവർത്തകൻ തഴയിൽ അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറ് ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ജസ്റ്റിസ് പി.ബി.സുരേഷ്‌കുമാർ, ജസ്റ്റിസ് സി. പ്രതീപ് കുമാർ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
പാനൂർ കുറ്റേരി സുബിൻ എന്ന ജിത്തു, മൊകേരി വള്ളങ്ങാട് പുതിയോത്ത് അനീഷ് എന്ന ഇരുമ്പൻ അനീഷ്, തെക്കേ പാനൂരിലെ പി.പി. പുരുഷോത്തമൻ, മൊകേരി വള്ളങ്ങാട് ഇ.പി. രാജീവൻ എന്ന പൂച്ച രാജീവൻ, തെക്കേ പാനൂരിലെ എൻ.കെ. രാജേഷ് എന്ന രാജു, പാനൂർ പന്ന്യന്നൂർ ചമ്പാട് സ്വദേശി കെ. രതീശൻ എന്നിവർ ശിക്ഷയിൽ ഇളവുതേടി സമർപ്പിച്ച ഹർജി തള്ളിയാണ് ഉത്തരവ്.
2002 ഫെബ്രുവരി 15നാണ് അഷ്റഫ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം വാഹനം വാങ്ങാനെത്തിയ അഷ്‌റഫിനെ രാഷ്ട്രീയ വൈരാഗ്യത്താൽ പാനൂർ ബസ്‌സ്റ്റാൻഡിലെ കടയിൽ കൊലപ്പെടുത്തുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ ഇ.സി. ബിനീഷ് കോടതിയിൽ ഹാജരായി.