പാനൂർ :താഴെ ചമ്പാട് യു.പി നഗർ, ഓരാങ്കൂൽ പള്ളി പരിസരം എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് 3.30ഓടെ വീശിയ ചുഴലിക്കാറ്റിൽ വലിയ നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും മരം വീണ് ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു.ചമ്പാട് ഒരാങ്കൂൽ പള്ളിക്ക് മുൻവശത്തെ ഇലക്ട്രിക്ക് പോസ്റ്റ് 100 മീറ്ററോളം ദൂരത്തുള്ള കൂറ്റൻ മാവിന്റെ ശിഖിരം പൊട്ടിവീണ് തകർന്നു. പള്ളിയുടെ ഗേറ്റിനും കേടുപാടുകൾ ഉണ്ടായി. ഈ ഭാഗത്ത് പറമ്പുകളിലെ മരങ്ങൾ വ്യാപകമായി പൊട്ടിവീണിട്ടുണ്ട്.
പൊടിക്കളം എൽ.പി സ്‌കൂളിൽ നെല്ലിമരത്തിന്റെ ശാഖ പൊട്ടിവീണ് ഓടിട്ട മേൽക്കൂരക്ക് കേടുപാടുണ്ടായി. സ്‌കൂളിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു അപകടമെങ്കിലും ആർക്കും പരിക്കേറ്റില്ല.
രാരോത്ത് അഷ്രഫിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. സമീപത്തെ തേക്കും വീടിന് മുകളിലേക്ക് പതിച്ചു. ഇല്ലത്താൻ സാകേതത്തിൽ ഇ.സഹദേവന്റെ വീടിന് മുകളിൽ കൂറ്റൻ മാവും, കവുങ്ങും കടപുഴകി വീണും നാശനഷ്ടമുണ്ടായി.
യുപി നഗറിൽ സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, പുത്തൻപുരയിൽ ജയൻ, കുന്നുമ്മൽ ബാലൻ, കാട്ടിൽ പുരയിൽ സുമേഷ്, സുബൈദ മൻസിലിൽ സുബൈദ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുൾപ്പടെ മരങ്ങൾ പൊട്ടിവീണു. പലതും ഇലക്ട്രിക്ക് ലൈനുകളിലേക്കാണ് പതിച്ചത്. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അശോകൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.