cpm

കണ്ണൂർ: ലോക് ‌സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിലടക്കം യു.ഡി.എഫിന് പിന്നിലായിപ്പോയതും മുതിർന്ന മുൻനേതാവ് സി കെ.പി പത്മനാഭൻ,​ മുൻ ജില്ലാകമ്മിറ്റിയംഗം മനു തോമസ് എന്നിവരടക്കമുള്ള നേതാക്കളുടെ തുറന്നുപറച്ചിലുമടക്കം ചൂടേറിയ വിഷയങ്ങൾ ഇക്കുറി കണ്ണൂരിലെ കീഴ്ഘടകങ്ങളിലെ സമ്മേളനങ്ങളിൽ സി.പി.എം നേതൃത്വത്തിന് മറുപടി പറയേണ്ടിവരും. സെപ്തംബർ 1 മുതലാണ് ജില്ലയിൽ സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നത്.

ഇന്ത്യയിൽ അംഗങ്ങളുടെ എണ്ണത്തിലും ബഹുജന സ്വാധീനത്തിലും ഒന്നാമതാണ് കണ്ണൂർ ജില്ല. മുഖ്യമന്ത്രിയുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും എൽ.ഡി.എഫ് കൺവീനറുടെയും തട്ടകമായതിനാൽ കീഴ്ഘടകങ്ങളിലെ സമ്മേളനം പോലും അതീവഗൗരവമുള്ള ചർച്ചയ്ക്ക് വഴിതുറക്കും. മനുതോമസ് വിഷയം, സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തലുകൾ തുടങ്ങി കീഴ്ഘടകങ്ങളിൽ രൂക്ഷമായ ചർച്ചയ്ക്ക് ഇടയാക്കിയേക്കും.

സെപ്തംബർ 30നകം ബ്രാഞ്ചുകളിൽ പൂർത്തിയാകും

സപ്തംബർ 30നകം ജില്ലയിലെ 4394 ബ്രാഞ്ചുകളിലെ സമ്മേളനം പൂർത്തീകരിക്കും. 23 ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച നയവും അതിന്റ നടപ്പാക്കലും അനുഭവങ്ങളും കഴിഞ്ഞ സമ്മേളനം മുതൽ ഈ സമ്മേളന കാലം വരെയുള്ള സംഘടനാ പ്രവർത്തനങ്ങളും സ്വയം വിമർശനാടിസ്ഥാനത്തിലുള്ള പരിശോധനയുമാണ് സമ്മേളനത്തിൽ നടക്കുന്നത്.ഭാവി പ്രവർത്തന പരിപാടികൾക്കും സമ്മേളനം രൂപം നൽകും.

കൂടുതൽ ചെറുപ്പം?​
കണ്ണൂരിൽ കൂടുതൽ ചെറുപ്പമാകാനുള്ള സാദ്ധ്യതയും സി.പി.എം തുറന്നിടുന്നുണ്ട്. ബ്രാഞ്ച് മുതൽ ഏരിയാ കമ്മിറ്റികൾ വരെ ചെറുപ്പക്കാർ കൂടുതൽ കടന്നുവരനാണ് സാദ്ധ്യത. കീഴ്ഘടകങ്ങളിൽ പുതിയ പ്രവർത്തകർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകാനും പരിചയസമ്പന്നരായവർക്ക് അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തി മറ്റ് ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാനുമുള്ള ആലോചനയുമുണ്ട്. ചെറുപ്പക്കാരേയും സ്ത്രീകളേയും ആകർഷിക്കാനുള്ള ഭാവി പദ്ധതികൾക്കാണ് പ്രധാനമായും രൂപം നൽകുക.


ജനകീയവികസനക്ഷേമ പദ്ധതികൾ നടപ്പിലാക്കി രാജ്യത്തിന് മാതൃകയായ സംസ്ഥാനസർക്കാറിന്റെ നേട്ടങ്ങൾ വലതുപക്ഷ മാദ്ധ്യമങ്ങൾ ജനങ്ങളിൽ എത്തിക്കുന്നില്ല. പകരം സർക്കാർ വിരുദ്ധ വാർത്തകൾ വലതുപക്ഷ രാഷ്ട്രീയ ശക്തികൾക്കു വേണ്ടി തുടർച്ചയായി സൃഷ്ടിക്കുകയാണ്. ഇതിനെ ജനങ്ങളെ അണിനിരത്തി ചെറുക്കും-എം.വി.ജയരാജൻ( സി.പി.എം ജില്ലാസെക്രട്ടറി)​.

വെറും സമ്മേളനമാകില്ല
ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് വിപുലമായ അനുഭാവി യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് വാർത്താസമ്മേളനത്തിൽ സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പൊതു ഇടങ്ങളും, പാർട്ടിയുടെ എല്ലാ ഓഫീസുകളും ക്ലബ്ബുകളും വായനശാലകളും ശുചീകരിക്കും. മാലിന്യ വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ശുചിത്വ കേരളം പദ്ധതിയുമായി പൂർണ്ണമായും സഹകരിക്കും.
ഒക്ടോബർ 2 ഗാന്ധിജയന്തി മുതൽ നവംബർ 25 അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം വരെ പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർ വ്യാപൃതരാകുമെന്നും ജയരാജൻ അറിയിച്ചു.