പാലക്കുന്ന്: കാസർകോട് കാഞ്ഞങ്ങാട് കെ.എസ്.ടി.പി സംസ്ഥാന പാതയോരത്ത് രണ്ടു മാസത്തിലേറെയായുള്ള കുടിവെള്ളപൈപ്പ് ചോർച്ചക്ക് പരിഹാരമായില്ല. പാലക്കുന്ന് ടൗണിലും പത്തു ദിവസത്തോളമായി കോട്ടിക്കുളത്തും തുടരുന്ന ബി.ആർ.ഡി.സിയുടെ കുടിവെള്ളപൈപ്പിലെ ചോർച്ച പരിഹരിക്കാൻ കാഞ്ഞങ്ങാട് നിന്നുള്ള വാട്ടർ അതോറിറ്റി സംഘം എത്തിയിരുന്നെങ്കിലും പൂർണ പരിഹാരമായില്ല.സംസ്ഥാന പാതയിൽ നിന്ന് കോട്ടിക്കുളം ജുമാമസ്ജിദിലേക്കുള്ള റോഡിലെ മുനമ്പിൽ ഉണ്ടായ കുടിവെള്ള ചോർച്ച ചൊവ്വാഴ്ച പരിഹരിച്ചിരുന്നു. ബുധനാഴ്ച്ച പാലക്കുന്നിലെ ചോർച്ചയും പരിഹരിച്ചു.എന്നാൽ ഇന്നലെ രാവിലെ മുതൽ ഇതെയിടത്ത് പൂർവാധികം ശക്തിയായ ചോർച്ച പ്രത്യക്ഷപ്പെട്ടു. സമീപവാസികൾ അറിയിച്ചത് പ്രകാരം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഇന്ന് രാവിലെ അറ്റകുറ്റപ്പണിക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.