കണിച്ചാര്‍: ചാണപ്പാറയിലെ പാനികുളം ബാബുവിന്റെ കൊലപാതകത്തിൽ
അറസ്റ്റിലായ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.പ്രതി തിരുവനന്തപുരം വിളക്കാട് സ്വദേശി പറമ്പുള്ള പുത്തന്‍ വീട് പ്രേംജിത്ത് ലാലിനെയാണ് കേളകം പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ മുഴക്കുന്ന് പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ.വി.ദിനേശന്റെയും കേളകം എസ്.എച്ച്.ഒ വി വി. ശ്രീജേഷിൻ്റെയും നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ചാണപ്പാറ സ്വദേശി പാനികുളം ബാബുവിനെ ചാണപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ വാടകമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം കാണപ്പെട്ട മുറിയുടെ ഭിത്തിയിൽ ചോരപ്പാടുകളും മൃതദേഹത്തിന് സമീപത്തായി കല്ലും കിടപ്പുണ്ടായിരുന്നു.
പ്രാഥമിക നിഗമനത്തിൽ തന്നെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.സംഭവത്തിന് പിന്നാലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി പ്രേംജിത്ത് ലാലിനെയും കാണാതായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പ്രേംജിത്ത് ലാലാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. ചെട്ടിയാംപറമ്പിൽ നിന്നും പിടികൂടിയ ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയതായി പ്രതി സമ്മതിച്ചുയ. വിവാഹബന്ധം വേർപെടുത്തിയ ബാബു കുറച്ചുകാലമായി വാടകമുറിയിലായിരുന്നു താമസിച്ചിരുന്നത്.
മദ്യപിച്ച് വഴക്കു പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കഴിഞ്ഞ ദിവസം ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാബുവിന്റെ തലക്കും വാരിയെല്ലിനുമായിരുന്നു പരിക്കേറ്റിരുന്നത്.