icc

ജില്ലയിൽ അഞ്ച് വർഷത്തിനിടയിൽ ലഭിച്ചത് എട്ട് പരാതികൾ

കണ്ണൂർ: ജില്ലയിലെ മിക്ക സർക്കാർ ഓഫീസുകളുടേയും പ്രവർത്തനം വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമണങ്ങൾ തടയുന്നതിനുള്ള ഇന്റേണൽ കംപ്ളയിൻസ് കമ്മറ്റിയുടെ (ഐ.സി സി) അഭാവത്തിൽ.ചിലയിടങ്ങളിൽ പേരിന് മാത്രം രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിശ്ചലമാണ്.എല്ലാ സർക്കാർ ഒാഫീസുകിലും കമ്മറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതാണ് ചുരുക്കം.ഇതുമൂലം ലഭിക്കുന്ന പരാതികളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രമാണ്.

എല്ലാ സർക്കാർ,സർക്കാരിതര പൊതുമേഖല ,സ്വകാര്യ സ്ഥാപനങ്ങളിലും ഇത്തരം കമ്മറ്റി രൂപീകരിക്കണമെന്നാണ് നിയമം.കമ്മിറ്റിയിൽ നാല് അംഗങ്ങളെങ്കിലും ഉണ്ടാകണം.സ്ഥാപനത്തിലെ ഏറ്റവും മുതിർന്ന വനിതയായിരിക്കണം പ്രിസൈഡിംഗ് ഓഫീസർ.ആകെ അംഗങ്ങളിൽ പകുതിയിലധികവും സ്ത്രീകളാകണം. അംഗങ്ങളിൽ ഒരാൾ ഓഫീസിന് പുറമെ നിന്നുള്ള സ്ത്രീ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് പരിചയമുള്ള സാമൂഹിക പ്രവർത്തകയാകണമെന്നുമാണ് നിയമം.

ഇന്റേണൽ കമ്മിറ്റിയുടെ പ്രിസൈഡിംഗ് ഓഫീസർക്കാണ് പരാതി നൽകേണ്ടത്. ജോലിയുടെ ഭാഗമായി പോകുന്ന ഓഫീസിലോ, സ്വന്തം തൊഴിലിടത്തിലോ ആണ് അതിക്രമമെങ്കിൽ അതതിടത്തെ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകാം. സ്ഥാപനമേധാവികൾക്ക് ലഭിക്കുന്ന പരാതികളും ഐ.സി.സി ക്ക് കൈമാറണം. പൊലീസിൽ പരാതി നൽകാനാണ് തീരുമാനമെങ്കിൽ പിന്തുണ നൽകാനുള്ള ഉത്തരവാദിത്തവും ഐ.സി.സിക്കുണ്ട്.

ലൈംഗികാതിക്രമം തടയൽ നിയമം

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം (തടയൽ, നിരോധിക്കൽ, പരിഹാരം) നിയമം 2013 പ്രകാരമുള്ള സമിതിയാണ് ആഭ്യന്തര പരാതിപരിഹാര കമ്മിറ്റി അഥവാ ഇന്റേണൽ കംപ്ലൈന്റ്സ് കമ്മിറ്റി.സ്ത്രീക്ക് താൽപ്പര്യമില്ലാത്ത എന്തു തരം ലൈംഗിക നീക്കങ്ങളും ഈ നിയമപ്രകാരം കുറ്റകൃത്യമാണ്. സ്പർശം, നോട്ടം, സംഭാഷണം തുടങ്ങി എന്തും ഇതിലെ പരിധിയിൽ വരും. ചേർന്നു നിൽക്കുക, ലൈംഗികാവശ്യങ്ങൾ ഉന്നയിക്കുക, ലൈംഗിക ചുവയുള്ള തമാശകളോ, ദ്വയാർത്ഥ പ്രയോഗങ്ങളോ ആംഗ്യങ്ങളോ നടത്തുക, അത്തരം ചിത്രങ്ങൾ, ഗ്രാഫിക്സ് എന്നിവ കാണിക്കുക എന്നിവയൊക്കെ ഇതിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാണ്.

അഞ്ചു വർഷത്തിൽ എട്ട് പരാതി മാത്രം

അഞ്ച് വർഷത്തിനിടയിൽ വെറും എട്ട് പരാതികൾ മാത്രമാണ് ജില്ലയിൽ വനിതാ ജീവനക്കാർക്കെതിരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പട്ട് വനിതാ ശിശു വികസന വകുപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതിൽ ഏഴ് പരാതികളിൽ പരിഹാരം കണ്ടിട്ടുണ്ട്.ഒരു പരാതിയിൽ ഇതുവരെ പരിഹാരം കാണാനായിട്ടില്ല.ഇത്

കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് കൈമാറിയിരിക്കുകയാണ്.ഇന്റേണൽ കമ്മറ്റിയുടേയും ജില്ലാതല ലോക്കൽ കമ്മറ്റിയുടേയും വിശദാംശങ്ങളും റിപ്പോ‌ർട്ടുകളും രജിസ്റ്റർ ചെയ്യുന്നതിനായി പോഷ് പോർട്ടലും നിലവിലുണ്ട്.