1

കാസർകോട്: രൂക്ഷമായ കടലാക്രമണത്തിനിരയായ ഉദുമ ഗ്രാമപഞ്ചായത്ത് പരിധിയിലെ കൊവ്വൽ ബീച്ച് , ജന്മ കടപ്പുറം ഭാഗത്ത് തീരദേശ ഹൈവേ നിർമ്മാണം അനിശ്ചിതത്വത്തിൽ. തീരദേശ ഹൈവേയ്ക്കായി ഈ ഭാഗത്ത് ഏറ്റെടുത്ത സ്ഥലവും ഇട്ട കുറ്റിയും ഇതിനകം കടലെടുത്തുകഴിഞ്ഞു.പതിനാലു മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്ത് രണ്ടുവരി പാത നിർമ്മിക്കാനായിരുന്നു പദ്ധതി.

രണ്ടുകിലോമീറ്ററോളം നീളത്തിൽ കടലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുറ്റികൾ മുഴുവൻ ഒഴുകിപോയിട്ടുണ്ട്. കിഴക്ക് ഭാഗത്ത് ഇട്ടിരുന്ന കോൺക്രീറ്റ് കുറ്റികൾ മാത്രമാണ് ബാക്കിയുള്ളത്. തീരദേശ ഹൈവേ നിർമ്മിക്കാൻ പുതുതായി സ്ഥലം ഏറ്റെടുക്കണം. കൊവ്വൽ ബീച്ചിലും ജന്മ കടപ്പുറത്തും സർക്കാർ ഭൂമി ഇല്ലെന്നതാണ് പുതിയ പ്രതിസന്ധി. പല കുടുംബങ്ങളെയും ഒഴിപ്പിക്കേണ്ടിവരും. നിലവിൽ തന്നെ കടലാക്രമണത്തിൽ ആശങ്കയിൽ കഴിയുന്ന ഇവർ ഭൂമി വിട്ടുനൽകാനുള്ള സാദ്ധ്യതയും കുറവാണ്.

കാസർകോട് ജില്ലയിൽ 89.5 കി.മി ദൈർഘ്യം

കാസർകോട് ജില്ലയിൽ 89.5 കിലോമീറ്റർ റോഡാണ് തീരദേശ ഹൈവേ പ്രൊജക്ടിൽ ഉൾപെടുത്തിയിട്ടുള്ളത്. ഉദുമ നിയോജക മണ്ഡലത്തിൽ കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി നിന്നും കാസർകോട് കെ.എസ്.ടി.പി റോഡ് വഴി കാപ്പിൽ ബീച്ച്, ഉദുമ ബീച്ച്, ചെമ്പിരിക്ക ബീച്ച്, കീഴൂർ ബീച്ച് , കാസർകോട് ഹാർബർ വഴിയാണ് തീരദേശ ഹൈവേയുടെ അലൈൻമെന്റ് കടന്നുപോകുന്നത്. ഇതിൽ ഉദുമ ബീച്ചിനെയും ചെമ്പരിക്ക ബീച്ചിനെയും ബന്ധപ്പെടുത്തി പാലം നിർമ്മിക്കേണ്ടതുണ്ട്. ചെമ്പിരിക്ക ബീച്ച് മുതൽ കീഴൂർ ബീച്ച് വരെ 100 മീറ്റർ നീളത്തിൽ പുതിയ റോഡിനായി സ്ഥലം ഏറ്റെടുക്കണമെന്നും ബാക്കി സ്ഥലത്ത് നിലവിലുള്ള റോഡ് 14 മീറ്റർ വീതിയാക്കുമെന്നുമായിരുന്നു നിയമസഭയിൽ അന്നത്തെ പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവന.