കണ്ണൂർ: ചെള്ള് പനി റിപ്പോർട്ട് ചെയ്ത മാലൂർ ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡ് പുരളിമല ട്രൈബൽ നഗറിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയുഷ് എം.നമ്പൂതിരിപ്പാടിന്റെ നിർദേശ പ്രകാരം ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജില്ല വെക്ടർ കൺട്രോൾ സംഘം സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ സർവൈലൻസ് ഓഫീസർ ഇൻ ചാർജ് ഡോ. അനീറ്റ, കെ.ജോസി, ജില്ലാ വെക്ടർ ബോർഡ് കൺട്രോൾ ഡിസീസ് ഓഫീസർ ഡോ. കെ.കെ.ഷിനി, ജില്ലാ എപിഡമോളജിസ്റ്റ് ജി.എസ് .അഭിഷേക് , ബയോളജിസ്റ്റ് രമേശൻ, എന്നിവർ അടങ്ങുന്ന ടീം ആണ് സന്ദർശനം നടത്തിയത്.
ചെള്ള് പനി റിപ്പോർട്ട് ചെയ്ത പരിസര പ്രദേശങ്ങളിൽ ഫ്ളാഗിംഗ് നടത്തി സാമ്പിളുകൾ ശേഖരിച്ചു. ചെള്ള് നിയന്ത്രണത്തിന്റെ ഭാഗമായി ഡസ്റ്റിംഗ് നടത്തി. ചെള്ള് പനി പടരുന്ന സാഹചര്യം പ്രതിരോധിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ തുടങ്ങിയവർക്ക് ചെള്ള് പനി ബോധവൽക്കരണവും രോഗ പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ വിതരണവും നടത്തി. മാലൂർ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.സിബീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബി.സുബൻ എന്നിവർ പങ്കെടുത്തു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തൊഴിലുറപ്പ് തൊഴിലാളികൾ, കർഷകർ, റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ എന്നിവർ കൈ ഉറകളും ബൂട്സും ധരിക്കണം.

വീട്ടു പരിസരങ്ങളിലെ കുറ്റികാടുകൾ വെട്ടിത്തെളിച്ച് കത്തിക്കണം.

പനി, ചെള്ള് കടിച്ച ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം.

രോഗ ലക്ഷണങ്ങൾ

ചെള്ള് കടിച്ച് 10–12 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ പ്രത്യക്ഷമാവും. കടിച്ച ഭാഗം തുടക്കത്തിൽ ചുവന്നു തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും. കക്ഷം,​ കാലിന്റെ മടക്ക്, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി പാടുകൾ പ്രത്യക്ഷപ്പെടുന്നത്. വിറയലോടു കൂടിയ പനി, തലവേദന, കണ്ണിൽ ചുവപ്പ് നിറം, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ചുരുക്കം പേരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും.