തളിപ്പറമ്പ്: നഗരസഭ വികസന പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടു കുതിക്കുമ്പോൾ അതിനോട് ചേർന്ന് നിൽക്കാതെ സമര പ്രഹസനം നടത്തുകയാണ് പ്രതിപക്ഷമെന്ന് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി, വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ എന്നിവർ ആരോപിച്ചു. കഴിഞ്ഞദിവസം സി.പി.എമ്മിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും. വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന നഗരസഭക്കെതിരെ സമര പ്രഹസനം നടത്തുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാനാണെന്നും ഇവർ ആരോപിച്ചു.
2022- 23 വർഷം 95 ശതമാനം പദ്ധതി ചെലവഴിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനതലത്തിൽ പത്താം സ്ഥാനവും കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി അഭിമാനത്തോടെ മുന്നോട്ടുപോവുകയാണ് നഗരസഭ. 2023- 24 സാമ്പത്തിക വർഷം ഗവൺമെന്റ് ഫണ്ട് അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും പദ്ധതി പ്രവർത്തനങ്ങൾ നടത്തുന്നതിനും ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അനുവദിച്ച ഫണ്ട് ചെലവഴിക്കാൻ ട്രഷറി നിയന്ത്രണം കാരണം കഴിയുന്നില്ല. ഒട്ടേറെ പ്രയാസങ്ങൾ ഉണ്ടായിട്ടും 82.25 ശതമാനം പദ്ധതിതുക ചെലവഴിക്കുകയും ജില്ലയിൽ മൂന്നാം സ്ഥാനത്ത് എത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. മാർച്ച് 28ന് മുൻപ് ട്രഷറിക്ക് നൽകിയ ഒരു കോടി 59 ലക്ഷം രൂപ ട്രഷറി നിയന്ത്രണം പറഞ്ഞു തടസ്സം ഇല്ലാതിരുന്നെങ്കിൽ ഈ തുക ഉൾപ്പെടുത്തി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച നേട്ടവും തളിപ്പറമ്പ് നഗരസഭയ്ക്ക് ലഭിക്കുമായിരുന്നു.
സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന നിലാവ് സ്ട്രീറ്റ് ലൈറ്റ് പദ്ധതി പരാജയപ്പെട്ടു. നഗരസഭ നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1000 സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാൻ കെ.എസ്.ഇ.ബി ക്ക് കരാർ കൊടുത്തെങ്കിലും ഇതുവരെ 550 ലൈറ്റുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപിച്ചതിൽ കേടായ ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ കെ.എസ്.ഇ.ബി തയ്യാറാവുന്നില്ല. പ്രതിസന്ധികൾക്കിടയിലും നഗരസഭ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് ബഡ്‌സ് സ്കൂൾ ആരംഭിച്ചു. മുൻസിപ്പൽ ലൈബ്രറി നവീകരണം, കൂവോട് പ്രീമെട്രിക് ഹോസ്റ്റൽ നവീകരണം, കൂവോട് ആയുർവേദ ആശുപത്രി നവീകരണം, അളളാംകുളം സാംസ്കാരിക നിലയം പൂർത്തീകരണം, പുഷ്പഗിരി ഗാന്ധിനഗർ കെ.വി.മുഹമ്മദ് കുഞ്ഞി സാംസ്കാരിക നിലയം പൂർത്തീകരണം, കറുപ്പകുണ്ട് ജലാശയം സംരക്ഷിക്കുന്ന പദ്ധതി, കാക്കത്തോട് മാലിന്യ ഡ്രൈയിനേജ് 3 കോടി രൂപയുടെ പദ്ധതി, പാളയാട് തോട് നവീകരണം 2 കോടി രൂപയുടെ പദ്ധതി, തളിപ്പറമ്പ് സി.ഡി.എസ് ഓഫീസ് നവീകരണ പദ്ധതി എന്നിവ പൂർത്തീകരിച്ചു.