കണ്ണൂർ: ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനയുമായി മുന്നോട്ടുപോകുമ്പോഴും ജില്ലയിൽ ഭക്ഷ്യവിഷബാധ കേസുകൾക്ക് കുറവില്ല. പരിശോധനയെ തുടർന്ന് 251 ഭക്ഷ്യശാലകളാണ് ആരോഗ്യവിഭാഗം ഇതുവരെയായി ജില്ലയിൽ അടച്ചുപൂട്ടിയത്. എന്നാൽ ഇതൊന്നും ഭക്ഷ്യവിഷബാധകൾക്ക് കുറവുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആലക്കോട് തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഭക്ഷ്യവിഷ ബാധയേറ്റ് വിദ്യാർത്ഥികളും അദ്ധ്യാപകരുമടക്കം നൂറിലേറെ പേരാണ് ചികിത്സ തേടിയത്. സ്കൂളിൽ ഉച്ചഭക്ഷണത്തിന് വിളമ്പിയ ചിക്കൻ കറിയിൽ നിന്നായിരുന്നു ഇവർക്ക് വിഷബാധയേറ്റത്.
കഴിഞ്ഞ മേയിൽ ഷവർമ്മ കഴിച്ച നിരവധി പേർക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നു.ഒരു ദിവസം മാത്രം ഷവർമ കഴിച്ച് ആറു വിദ്യാർത്ഥികളാണ് ആശുപത്രിയിൽ അന്ന് ചികിത്സ തേടിയത്. കഴിഞ്ഞമാസം ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ ഭക്ഷ്യസുരക്ഷാ പരീക്ഷ പരിശോധനയിൽ 17 ഹോട്ടലുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഇതിൽ ആറും കണ്ണൂർ ജില്ലയിലാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കഴിഞ്ഞാലും കടകൾ വൃത്തിഹീനമായി തുടരുകയാണ്. ചെറിയ തട്ടുകടകൾ മുതൽ ഹോട്ടൽ വരെ മലിനമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്നതാണ് പ്രധാന പ്രശ്നം. നഗരത്തിലെ പല ഹോട്ടലുകളിലും ഭക്ഷ്യവിഭവങ്ങൾ മൂടി വെയ്ക്കാതെ പ്രദർശിക്കുന്നുണ്ട്.
ഈ വർഷം പരിശോധന 3722
പിഴ ഈടാക്കിയ സ്ഥാപനങ്ങൾ 488
ആർ.ഡി.ഒ മുന്നിൽ കേസ് 30
ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് മുന്നിൽ കേസുകൾ 24
ഭക്ഷ്യവിഷബാധ കാരണങ്ങൾ
ഭക്ഷണത്തിൽ രാസവസ്തു കലർന്ന്
പഴകിയ ഭക്ഷണത്തിലെ ബാക്ടീരിയ സാന്നിദ്ധ്യം
വൃത്തിഹീനമായ ഇടങ്ങളിൽ തയ്യാറാക്കി വിതരണം ചെയ്യുന്നത്
മാലിന്യം യഥാസമയം നീക്കം ചെയ്യാത്തത്
മലിനമായ ജലത്തിൽ പാചകം
കണ്ണൂർ ജില്ലയിൽ 11 ഭക്ഷ്യ സുരക്ഷ പോസ്റ്റുകളാണുണുള്ളത്. ഫുഡ് സേഫ്റ്റി ഓഫീസർമാർ ഫുഡ് സേഫ്റ്റ് ആക്ട് പ്രകാരം തന്നെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.സ്‌കൂളുകളിൽ 'ഈറ്റ് റൈറ്റ് ക്യാമ്പസ് ' ഈറ്റ് റൈറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കു തന്നെ മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടുകൂടി ഭക്ഷ പരിശോധന നടത്തുവാനുള്ള ക്ലാസ്സും ബോധവത്ക്കരണ ക്ലാസും നൽകുന്നുണ്ട്.
കെ.പി.മുസ്തഫ
ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ, കണ്ണൂർ