പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എംപ്ലോയീസ് സൊസൈറ്റിക്കെതിരെ (പാംകോസ്) കഴിഞ്ഞ ദിവസം പ്രചരിച്ച വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്ന് ഭരണസമിതി. മെഡിക്കൽ കോളേജിൽ കഴിഞ്ഞ 23 വർഷമായി പ്രവർത്തിച്ചുവരുന്ന ജീവനക്കാരുടെ സഹകരണ സംഘമാണ് പാംകോസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചേരുന്ന രോഗികൾ, കൂട്ടിരിപ്പുകാർ, ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് ഉപകാരപ്രദമായ നിലയിലാണ് സൊസൈറ്റിയുടെ പ്രവർത്തനം.

കൊവിഡ് കാലത്ത് സൊസൈറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ വഴി ജീവനക്കാർക്കും രോഗികൾക്കും സൗജന്യ ഭക്ഷണം വിതരണം നടത്തി മാതൃകാപരമായ സേവനം നടത്തിയിരുന്നു. കൂടാതെ മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തി ചേരുന്ന ഡയാലിസിസ് രോഗികൾക്ക് രാവിലെയും വൈകുന്നേരവും ദയ ചാരിറ്റബിൾ സൊസൈറ്റിയുമായി ചേർന്ന് കൊണ്ട് ഭക്ഷണ വിതരണം നടത്തി വരികയാണ്.

ആശുപത്രി ക്യാമ്പസിനകത്ത് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന കഫ്റ്റീരിയകൾ ആശുപത്രി വികസനസമിതിയുടെ അനുമതി തേടി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കൂടി അനുമതി ലഭിച്ച പ്രകാരം നിശ്ചയിച്ച നിരക്കിലുള്ള വാടക നൽകിയാണ് നടത്തിവരുന്നത്. മെഡിക്കൽ കോളേജിലെ ജീവനക്കാരെ മാത്രം ഉൾക്കൊള്ളുന്ന സഹകരണസംഘം എന്ന നിലയിലാണ് ആശുപത്രി വികസന സമിതി സംഘത്തിന് കെട്ടിടം അനുവദിച്ചിട്ടുള്ളത്. തികച്ചും ഉപയോഗശൂന്യമായ പഴയ കെട്ടിടം ആയതുകൊണ്ട് തന്നെ അറ്റകുറ്റപ്പണികൾ നിർവഹിക്കാതെ പ്രവർത്തനമാരംഭിക്കാൻ സാധിക്കുമായിരുന്നില്ല. കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്താതെ ആവശ്യമായ അറ്റകുറ്റ പണികൾ സൊസൈറ്റിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നതിന് ആശുപത്രി വികസന സമിതി അനുമതി തന്നിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ തള്ളിക്കളയണമെന്നും ഇത് സംബന്ധിച്ചുള്ള ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.