അങ്കോള : ജൂലായ് 16ന് ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഗംഗാവലി പുഴയിൽ അടുത്തയാഴ്ച തെരച്ചിൽ നടത്താനായേക്കുമെന്ന് ഗോവയിലെ ഡ്രഡ്ജർ കമ്പനി. കാലാവസ്ഥ പ്രതികൂലമാണ്. മഴ മാറാതെ ഡ്രഡ്ജർ എത്തിക്കുക പ്രയാസമാണെന്നും കമ്പനി അറിയിച്ചു.
കഴിഞ്ഞ ദിവസം നാവികസേനയുടെ പരിശോധനയിൽ ഗംഗാവലിയിൽ ഒഴുക്കിന് ശക്തി വർദ്ധിച്ചത് കണ്ടെത്തിയിരുന്നു. അർജുന്റെ ബന്ധു ജിതിൻ ബുധനാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടപ്പോൾ ഡ്രഡ്ജർ തെരച്ചിലിന്റെ ചെലവ് സർക്കാർ വഹിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. അർജുന് പുറമേ കർണാടകക്കാരായ ജഗനാഥ് നായിക്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്.