l

കണ്ണൂർ: ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ ഇ.പി കല്യാശ്ശേരിയിലെ വസതിയിൽ മാദ്ധ്യമപ്രവർത്തകരോടും അടുത്തുനിൽക്കുന്ന നേതാക്കളോടും പ്രതികരിക്കാൻ മുതിർന്നില്ല. വീട്ടിൽ എത്തിയ മാദ്ധ്യമപ്രവർത്തകരോട് എല്ലാം നടക്കട്ടെ എന്നു മാത്രമായിരുന്നു പ്രതികരണം. പറയാനുള്ളപ്പോൾ വിളിക്കാമെന്നും പറഞ്ഞു.

കണ്ണൂരിൽ നേരത്തേ പ്രഖ്യാപിച്ച പാർട്ടി പരിപാടികളോ പൊതുപരിപാടികളോ ഇന്നലെ ഇ.പി.ജയരാജനുണ്ടായിരുന്നില്ല.

നേതൃപദവിയിലെ ചുമതലകൾ മൂലം ദീർഘകാലമായി കണ്ണൂരിൽ സജീവമല്ലാതിരുന്നതിനാൽ ഏകനായിരിക്കുകയാണ്.
ബന്ധുനിയമനമുൾപ്പെടെയുള്ള എല്ലാ വിവാദ കാലത്തും പ്രവർത്തകരിൽ നിന്നും അകന്നതിന്റെ പ്രശ്നം ജയരാജൻ നേരിട്ടിരുന്നു. പിന്തുണ പ്രതീക്ഷിച്ചിരുന്ന കേന്ദ്രങ്ങളിൽ നിന്നുപോലും ഒരു ഘട്ടത്തിലും അനുകൂല ശബ്ദം ഉയർന്നില്ല. പുതുതലമുറ സൈബർ സഖാക്കളുടെയടക്കം കടന്നാക്രമണവും ഉണ്ടായി.

രാഷ്ട്രീയത്തിൽ നിന്നു കുറച്ചു കാലം മാറി നിൽക്കുമെന്നാണ് ലഭിക്കുന്ന സൂചന. കിട്ടുന്ന പെൻഷനും വാങ്ങി വീട്ടിലിരുന്നാലെന്താ എന്ന ചിന്തയിലാണെന്ന് അദ്ദേഹം സമീപകാലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.