1

കരുത്തോടെ വളരും കൽപസുവർണ,​കൽപ ശതാബ്ധി ഇനങ്ങൾ

കാസർകോട്: വെല്ലുവിളികളെ അതിജീവിക്കുന്നതിന് കർഷകരെ പ്രാപ്തരാക്കാൻ കല്പസുവർണ,​കല്പശതാബ്ദി തെങ്ങിനങ്ങൾ വികസിപ്പിച്ചും നൂതനസംവിധാനങ്ങളൊരുക്കിയും കാസർകോട് സി.പി.സി.ആർ.ഐ. കാലാവസ്ഥാ വ്യതിയാനം, ഉയർന്ന ഉൽപ്പാദനച്ചെലവ്, വിലസ്ഥിരത, വൈദഗ്ധ്യമുള്ള ആളുകളുടെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങളിൽ പെട്ട് കൃഷിയിൽ നിന്ന് പിന്മാറുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് ഇടപെടൽ.

പ്രധാനമന്ത്രി പുറത്തിറക്കിയ കൽപസുവർണയും കൽപ്പശതാബ്ദിയും കേരളത്തിലെയും കർണാടകത്തിലെയും വരൾച്ച ബാധിത പ്രദേശങ്ങളിലെ കർഷകർക്ക് അനുഗ്രഹമാണ്. ഇളനീരിനും കൊപ്രയ്ക്കും യോജിച്ചതാണ് രണ്ട് നാളികേര ഇനങ്ങളും .

ജൈവ ഉൽപ്പാദനത്തിനുള്ള പരിശീലനത്തിന്റെ ഒരു സമ്പൂർണ പാക്കേജും ഗവേഷണത്തിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ സാധാരണ കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കാൻ ജൈവ നിയന്ത്രണ ഏജന്റുമാരും പരിസ്ഥിതി സൗഹൃദ ബൊട്ടാണിക്കൽ കീടനാശിനികളും ലഭ്യമാണ്. ചെറുകിട തോട്ടങ്ങളെ ലാഭകരമാക്കാൻ ചിട്ടയായ കൃഷി സമ്പ്രദായവും സി.പി.സി.ആർ.ഐ നടപ്പിലാക്കുകയാണ്.

ഗ്രൗണ്ട് പോളിനേഷൻ കിറ്റ്

കേരകർഷകർ അഭിമുഖീകരിക്കുന്ന താങ്ങാനാവുന്ന വിലയിൽ ഗുണനിലവാരമുള്ള തൈ ഉൽപ്പാദനമെന്ന വെല്ലുവിളിയ്ക്ക് പരിഹാരമായാണ് ഗ്രൗണ്ട് പോളിനേഷൻ കിറ്റ് ഒരുക്കിയത്. പരാഗണത്തിനും ഹൈബ്രിഡ് വിത്തുൽപാദനത്തിനുമായി വികസിപ്പിച്ചതാണിത്.

സമ്മിശ്രകൃഷിക്ക് പ്രോത്സാഹനം

സമ്മിശ്ര കൃഷി സമ്പ്രദായത്തിന് ഏകവിളയേക്കാൾ 300 ശതമാനം ഉയർന്ന അറ്റാദായം സൃഷ്ടിക്കാൻ കഴിയും. മണ്ണിന്റെ ആരോഗ്യം, ജലസംഭരണശേഷി എന്നിവ മെച്ചപ്പെടുത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂലഫലങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കും.


മൂല്യവർദ്ധിത ഉത്പന്നങ്ങളിലുണ്ട് ന്യൂട്രാ സ്യൂട്ടിക്കൽസ്

വെർജിൻ കോക്കനട്ട് ഓയിൽ , കോക്കനട്ട് ചിപ്സ്, കൽപരസ (നീര), തേങ്ങാ സാന്ദ്രത, ശർക്കര, നാളികേര പഞ്ചസാര, ശീതീകരിച്ച പലഹാരങ്ങൾ എന്നിവയുടെ ഉത്പാദനത്തിനുള്ള ഒരു സമ്പൂർണ്ണ പാക്കേജ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൂല്യവർദ്ധിത ഉൽപന്നങ്ങളിൽ, താരതമ്യേന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും ഉയർന്ന ഭക്ഷണ ഫൈബറും ഉള്ള ന്യൂട്രാസ്യൂട്ടിക്കൽ ഗുണങ്ങൾ കാരണം കൽപരസയും തേങ്ങാ പഞ്ചസാരയും മികച്ച ഉത്പന്നമാകുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ.

കർഷകരെ തുണക്കാൻ

രോഗ രഹിത വസ്തുക്കളുടെ വിതരണത്തിന് തൈകളുടെ ക്യുആർ കോഡ് ടാഗിംഗ്

ജൈവകൃഷി, മിനിമം കൃഷി, പ്രകൃതി കൃഷി മുതലായവയിൽ പരീക്ഷണം

മാലിന്യങ്ങൾ ബദൽ അസംസ്‌കൃത വസ്തുക്കളായി വിനിയോഗിക്കൽ

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ നാളികേര സമ്പദ് വ്യവസ്ഥ ഒരുക്കൽ