bar-aso

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദിനും ഓഫീസിലെ ആറു ജീവനക്കാർക്കുമെതിരെ ഒരു കോടി രൂപയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൊസ്ദുർഗ് ബാർ അസോസിയേഷൻ വക്കീൽ നോട്ടീസ് അയച്ചു. എഴുപത്തിയഞ്ചു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള 312 അഭിഭാഷകരുള്ള ഹൊസ്ദുർഗ് ബാർ അസോസിയേഷൻ അംഗങ്ങളെ ഗുണ്ടകളാക്കി ചിത്രീകരിച്ച് വാർത്ത കുറിപ്പുകളിറക്കുകയും പ്രചാരണം നടത്തിയെന്നുമാണ് നോട്ടീസിലെ ആരോപണം.

ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.സി.ശശീന്ദ്രൻ , സെക്രട്ടറി അഡ്വ.പി.കെ.സതീശൻ എന്നിവർ ചേർന്ന് അഡ്വ.വി.സതീശ് കുമാർ മുഖാന്തിരമാണ് നോട്ടീസ് അയച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് ആർ.ഡി.ഒ ഓഫീസിൽ ഹാജരായ അഭിഭാഷകയെ ഓഫീസിൽ നിന്ന് ഇറക്കിവിടുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയോടെയാണ് സബ് കളക്ടർക്കെതിരെ ബാർ അസോസിയേഷൻ ശക്തമായി രംഗത്തുവന്നത്.

ഇക്കാര്യം അന്വേഷാൻ ജൂലായ് 25 ന് രാവിലെ സബ് കളക്ടർ ഓഫീസിൽ എത്തിയ ബാർ അസോസിയേഷൻ അംഗങ്ങളെയും ഭാരവാഹികളെയും ഓഫീസിലേക്ക് കടത്തിവിടാത്തത് സംഘർഷത്തോളമെത്തിച്ചിരുന്നു. സബ് കളക്ടർ ആവശ്യപ്പെട്ടത് പ്രകാരം എത്തിയ പൊലീസ് അഭിഭാഷകരെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. 'ഗുണ്ടായിസം കാണിച്ചു പേടിപ്പിക്കേണ്ട ,​ നിയമം പഠിപ്പിക്കേണ്ട എന്ന മുന്നറിയിപ്പുമായി കാഞ്ഞങ്ങാട് റവന്യു ഡിവിഷണൽ ഓഫീസ് സ്റ്റാഫ് കൗൺസിൽ പ്രതിഷേധ കുറിപ്പ് ഇറക്കി. അഭിഭാഷകർ സബ്കളക്ടറുടെ ചേമ്പറിൽ അതിക്രമിച്ചു കയറിയെന്നും ഗുണ്ടായിസം കാണിച്ചുവെന്നുമായിരുന്നു വാർത്താകുറിപ്പിലുണ്ടായിരുന്നത്. സബ് കളക്ടർക്ക് പുറമെ സൂപ്രണ്ടുമാരായ ടി.കെ.ഉണ്ണികൃഷ്ണൻ, പി.ഗോപാലകൃഷ്ണൻ, ജൂനിയർ സൂപ്രണ്ട് നവാസ്, സ്റ്റാഫ് സെക്രട്ടറി സതീശൻ, ക്ലർക്ക് കെ.വി.സീന, ക്ലാർക്ക് പി.കെ.വിനോദ് എനിവർക്കെതിരെയുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും പ്രമുഖ പത്രങ്ങളുടെ ഒന്നാം പേജിൽ മാപ്പപേക്ഷ നൽകണമെന്നും അല്ലാത്ത പക്ഷം ക്രിമിനൽ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ബാർ അസോസിയേഷന്റെ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.