മേപ്പാടി: ജീവൻ തിരിച്ചുതന്ന അനുജനില്ലാതെ മലയിറങ്ങുകയാണ് പ്രവീണും കുടംബവും, ഒപ്പം നെഞ്ചോട് ചേർത്തു പിടിച്ച പപ്പിക്കുട്ടിയും. ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട അനേകം കുടുംബങ്ങളിൽ ഒരാളാണെങ്കിലും പ്രവീണിന്റെ സഹോദരൻ പ്രജീഷിന്റെ വിയോഗത്തിന് കനമേറെയുണ്ട്. സുരക്ഷിതമായ ഇടത്തുനിന്ന് രക്ഷാപ്രവർത്തനത്തിനായി ഓടി എത്തിയപ്പോഴാണ് പ്രജീഷിനെ മലവെള്ളം വിഴുങ്ങിയത്.
ഹാരിസൺ മലയാളം പ്ലാന്റേഷനിൽ തൊഴിലാളികളാണ് പ്രവീണും പ്രജീഷും കുടുംബവും. ചൊവ്വാഴ്ച പുലർച്ചെ രണ്ടേ കാലോടെ മലവെള്ളം കുത്തിയൊലിച്ചെത്തുമ്പോൾ ചൂരൽമല പാടിയിൽ നല്ല ഉറക്കത്തിലായിരുന്നു. ആദ്യമുണർന്നത് സഹോദരൻ പ്രജീഷാണ്. എല്ലാവരേയും വിളിച്ചുണർത്തി കൈയിൽകിട്ടുന്ന വീട്ടുസാധനങ്ങളുമായി അവരെ അക്കരെ മലകയറ്റി. അപ്പഴേക്കും പാടിയിൽ നിന്നും നിലയ്ക്കാത്ത നിലവിളികൾ.
''കുടുംബം സുരക്ഷിതരാണെന്ന് തിരിച്ചറിഞ്ഞതോടെ അവൻ ഞങ്ങളുടേയെല്ലാം വിലക്കുകളെ മറികടന്ന് ഓടിപ്പോയി. പിന്നെ അറിഞ്ഞത് അവനെ പുഴ കൊണ്ടുപോയെന്നാണ്.''..തോരാത്ത കണ്ണീരോടെ പ്രവീൺ പറഞ്ഞു. ചൂരൽമല-മുണ്ടക്കൈപ്പാലം കടന്നുവേണം ഇവരുടെ പാടിയിലേക്കെത്താൻ. ആ പാലവും പുഴയെടുത്തു. ജീവൻ തിരിച്ചു കിട്ടിയെങ്കിലും സേനയെത്തി താൽക്കാലികമായി നിർമ്മിച്ച മരപ്പാലത്തിലൂടെയാണ് ഇവരെ പുറത്തെത്തിച്ചത്. മലയിറങ്ങി ദുരിതാശ്വാസക്യാമ്പുകളിലേക്ക് പോകാനൊരുങ്ങുമ്പോഴും പ്രവീൺ തേടുന്നത് കൂടെപ്പിറപ്പിനെയാണ്.